മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ നാല് പേർക്ക് ഒടുവിൽ മരണ സർട്ടിഫിക്കറ്റും നഷ്ടപരിഹാരവും നൽകാൻ സർക്കാർ ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കാണാതായ നാല് പേരുടെ മരണങ്ങൾ സിവിൽ മരണമായി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. പെട്ടിമുടി സ്വദേശി പ്രതീഷ്‌കുമാറിന്റെ ഭാര്യ കസ്തൂരി (32), മകൾ പ്രിയദർശിനി (7), കാർത്തിക (21), മൂന്നാർ സ്വദേശി ഷൺമുഖനാഥിന്റെ മകൻ ദിനേശ്കുമാർ (22) എന്നിവരെയാണ് മരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിൽ പറയുന്നു. പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികദിനത്തിൽ 'പെട്ടിമുടിയിലെ ആ നാല് പേർ മരണപ്പട്ടികയ്ക്ക് പുറത്ത്" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2020 ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്കു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയത്. 18 ദിവസം നീണ്ട തെരച്ചിലിൽ ആകെ 66 മൃദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാൽ നാല് പേരെ കണ്ടെത്താനായില്ല. ഇവരെ മരിച്ചതായി കണക്കാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ ഇൻഷ്വറൻസ് തുകയോ കിട്ടിയില്ല. കസ്തൂരിയും കാർത്തികയും പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിനേശ്കുമാറിന്റെ പേരിൽ മൂന്നാർ എസ്.ബി.ഐ ബാങ്കിൽ 70,000 രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. മരണസർട്ടിഫിക്കറ്റ് കാണിക്കാതെ പണം പിൻവലിക്കാനാകില്ലെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞതെന്ന് ഷൺമുഖൻ പറഞ്ഞു. എത്രയും വേഗം മരണസർട്ടിഫിക്കറ്റുകൾ ബന്ധുക്കൾക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.
നാലു പേരിലാരെങ്കിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തിരികെ എത്തുകയോ, ജീവിച്ചിരിപ്പുണ്ടെന്നുള്ള വിവരം ലഭിക്കുകയോ ചെയ്താൽ നഷ്ടപരിഹാര തുക തിരികെ നൽകാൻ അനന്തരാവകാശികൾ ബാധ്യസ്ഥരാണെന്ന് ഉറപ്പുനൽകുന്ന ബോണ്ട് കളക്ടർക്ക് സമർപ്പിക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിൽ കാർത്തിക ഒഴികെയുള്ള മൂന്നുപേരുടെ ബന്ധുക്കൾ മൂന്നാർ വില്ലേജ് ഓഫീസിലെത്തി ഈ ബോണ്ട് സമർപ്പിച്ചു. തിരുനെൽവേലിയിലുള്ള കാർത്തികയുടെ മുത്തച്ഛനും മുത്തശ്ശിക്കും പ്രായാധിക്യം മൂലം യാത്ര ചെയ്ത് മൂന്നാറിലെത്താൻ കഴിയാത്തതുമൂലമാണ് ബോണ്ട് നൽകാനായില്ല.