തൊടുപുഴ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനോട് അസഭ്യവർഷവും ഭീഷണിയും നടത്തിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വീണ്ടും വിവാദത്തിലായി. കുമാരമംഗലം മണ്ഡലം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ മാത്യുവിനെയാണ് ഫോണിലൂടെ സി.പി. മാത്യു കേട്ടാലറയ്ക്കുന്ന അസഭ്യം ചൊരിഞ്ഞത്. പാർട്ടി യോഗത്തിൽ വിമർശനമുന്നയിച്ചതിനായിരുന്നു ഭീഷണിയും ചീത്തവിളിയും. രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നതിന്റെ ഭാഗമായി തൊടുപുഴയിൽ ചേർന്ന യോഗത്തിലാണ് മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു സി.പി. മാത്യുവിനെതിരെ വിമർശനമുന്നയിച്ചത്. യോഗങ്ങളിൽ ഡി.സി.സി പ്രസിഡന്റ് പങ്കെടുക്കാത്തതും ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഈ നേതാവിനെ ഫോണിൽ വിളിച്ച് സി.പി. മാത്യു ചീത്തവിളിച്ചത്. തന്നെ വിമർശിച്ചാൽ കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. വിഷയം ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡന്റ് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഇടുക്കി എൻജിനീയറിങ്ങ് കോളജിലെ ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തി പല തവണ വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണ് സി.പി. മാത്യു. കോൺഗ്രസ് വിട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ നിയമ നടപടികൾ നേരിടേണ്ടിയും വന്നിട്ടുണ്ട്.