അറക്കുളം: മൂലമറ്റം ടൗണിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാൽ മൂക്ക് പൊത്തേണ്ട അവസ്ഥ. ശൗചാലയ മാലിന്യ ദുർഗന്ധം കാരണം മൂക്ക് പൊത്തിവേണം ഇവിടെ കഴിയേണ്ടതെന്ന് വ്യാപാരികൾ പറയുന്നു. സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ശുചിമുറിയുടെ മാലിന്യകുഴിയിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടത്തെ മാലിന്യം നീക്കം ചെയ്‌തെങ്കിലും മാലിന്യ ടാങ്ക് ശരിയായ രീതിയിൽ മൂടാത്തതാണ് ദുർഗന്ധത്തിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് മഴ പെയ്താൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലൂടെ ശുചിമുറി മാലിന്യം ഒഴുകുന്ന അവസ്ഥയാണുള്ളത്. മഴക്കാലത്ത് മാലിന്യം ഒഴുകുന്നതു മൂലം പലരും സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറാറില്ല. യാത്രക്കാരും സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും ഇത് മൂലം കഷ്ടത്തിലാണ്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.