നെടുങ്കണ്ടം: അനുമതിയില്ലാതെ കേരളത്തിലേക്ക് നിർമ്മാണ സാധനങ്ങളുമായെത്തി മടങ്ങുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ടോറസ് ടിപ്പർ ലോറി മോട്ടോർവാഹന വകുപ്പ് പിടികൂടി. നെടുങ്കണ്ടത്തേക്ക് കെട്ടിട നിർമാണ വസ്തുക്കളുമായി എത്തി, ലോഡിറക്കിയ ശേഷം മടങ്ങുകയായിരുന്ന ലോറി താന്നിമൂട്ടിൽ വെച്ചാണ് മോട്ടോർവാഹന വകുപ്പ് പിടികൂടിയത്. മുണ്ടിയെരുമയിലെ ഡ്രൈവിങ് പരിക്ഷ കഴിഞ്ഞ് തിരിച്ച് നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന ഉടുമ്പൻചോല ആർ.ടി ഓഫീസിലെ എ.എം.വി.ഐ എസ്.എം. അരുൺ കുമാറാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം നെടുങ്കണ്ടത്ത് എത്തിച്ച ശേഷം ഉടമയിൽ നിന്ന് 26310 രൂപ നികുതി, പിഴ എന്നീ ഇനങ്ങളിൽ ഈടാക്കി. തുക അടപ്പിച്ച ശേഷം വാഹനം വിട്ടുനൽകി.