നെടുങ്കണ്ടം: തൂക്കുപാലത്ത് വീണ്ടും ചന്ദന മോഷണം. ഇന്നലെ രാത്രിയിലാണ് തൂക്കുപാലം പ്രകാശ് ഗ്രാമിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ചന്ദന മോഷണം ശ്രമം നടന്നത്. ചന്ദനമരം മുറിച്ചിട്ട നിലയിലാണ്. 33 സെന്റീമീറ്റർ വലിപ്പമുള്ള ചന്ദനമരമാണ് മുറിച്ചത്. കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ലന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മേഖലയിൽ ചന്ദനമോഷണം തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴ് ചന്ദനമരങ്ങളാണ് മേഖലയിൽ നിന്ന് മുറിച്ച് കടത്തിയത്. തൂക്കുപാലം, പ്രകാശ് ഗ്രാം, കുരുവിക്കാനം, ബാലഗ്രാം മേഖലകളിലാണ് ചന്ദന മോഷ്ടാക്കൾ വിഹരിക്കുന്നത്. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർക്കാവുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. രാമക്കൽമേട്ടിൽ നിന്ന് 18 ചന്ദന മരങ്ങൾ മുറിച്ചു കടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരുവിധ തുമ്പും വനംവകുപ്പിന് ഇതുവരെയും ലഭിച്ചില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും ചന്ദന മാഫിയയുമായി ഒത്തു കളിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേസമയം മേഖലയിൽ പ്രത്യേക ഫോഴ്‌സിന്റെ രാത്രികാല പെട്രോളിങ് അടക്കം നടക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.