തൊടുപുഴ: പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുമ്പിൽ നിയന്ത്രണം വിട്ട കാർ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മതിലിലുമിടിച്ചുണ്ടായ അപകടത്തിൽ നിന്ന് കാൽനടയാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്റ്റാൻഡിനു മുമ്പിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു മറിച്ച ശേഷം കാർ പാഞ്ഞു ചെന്ന് മതിലിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിൽ പെട്ടുപോയ കാൽനടയാത്രക്കാരി പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വയറലായി. ഓട്ടോഡ്രൈവർ ചിറകണ്ടം സ്വദേശി പടിപ്പുരയ്ക്കൽ അബ്ദുൾ സമദിനെ സാരമായ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്രാല സ്വദേശി ബിജുവാണ് കാറോടിച്ചിരുന്നത്. മാതാ ഷോപ്പിംങ് ആർക്കേഡിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാലും കൂടിയ കവലയായതിനാൽ ഇവിടെ ട്രാഫിക് ബ്ലോക്ക് പതിവാണ്. അപകടമുണ്ടായ സമയത്ത് താരതമ്യേന വാഹനത്തിരക്കു കുറവായിരുന്നു. കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. സ്റ്റാൻഡിൽ ഉണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഉരസിയതിനു ശേഷമാണ് കാർ അബ്ദുൾ സമദിന്റെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചത്. ഓട്ടോറിക്ഷയ്ക്കും കാര്യമായ കേടുപാടുണ്ട്. പതിവായി തിരക്കുണ്ടാകാറുള്ള ഇവിടെ ഓട്ടോറിക്ഷാ സ്റ്റാൻഡ് ക്രമീകരിച്ചിരിക്കുന്നത് അശാസ്ത്രീയമായാണെന്ന് മുമ്പ് പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി അധികൃതരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.