ചെറുതോണി: സി.പി.എമ്മിന്റെ നയം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനല്ല തീരുമാനിക്കുന്നതെന്ന് മുൻമന്ത്രി എം.എം. മണി എം.എൽ.എ പറഞ്ഞു. കഞ്ഞിക്കുഴിയിൽ നടന്ന കർഷക സംഘം ഇടുക്കി ഏരിയാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവരാമന്റെ താളത്തിന് തുള്ളാൻ സി.പി.എം തയ്യാറല്ല. കൂടുതൽ പറഞ്ഞ് നാറ്റിക്കാനില്ല. കഞ്ഞിക്കുഴിയിൽ പട്ടയം നൽകിയത് സംബന്ധിച്ചുള്ള വിവരമൊക്കെ അറിയാം. കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. അതിനായി മുഖ്യമന്ത്രി 31ന് യോഗം വിളിച്ചിട്ടുണ്ടെന്നും എം.എം. മണി പറഞ്ഞു. രണ്ടു ദിവസമായി കഞ്ഞിക്കുഴിയിൽ നടന്ന സമ്മേളനത്തിൽ നൂറുക്കണക്കിന് പേർ പങ്കെടുത്തു. അടുത്ത മാസം നെടുങ്കണ്ടത്ത് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ സമ്മേളനം. പ്രതിനിധി സമ്മേളനവും സെമിനാറുകളും കാർഷിക കരകൗശല പ്രദർശനവും ഉൾപ്പെടെ വിവിധ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ് ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, മറ്റ് നേതാക്കളായ ഇ.എൻ. ചന്ദ്രൻ, പി.ബി. സബീഷ്, എൻ.വി. ബേബി, ലിസി ജോസ്, പി.ബി. സബീഷ്,​ എബിൻ ജോസഫ് എന്നിവർ സംസാരിച്ചു.