തൊടുപുഴ: സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ ഓരോ ബൂത്തിൽ നിന്ന് അമ്പതു പ്രവർത്തകർ കുടുംബ സമേതം അണിനിരക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലുള്ള 215 ബൂത്തിലും സെപ്തംബർ 10ന് മുമ്പായി വിപുലമായ കമ്മറ്റികൾ കൂടും.
മണ്ഡലം ജനറൽ ബോഡികൾ 30 മുതൽ സെപ്തംബർ മൂന്ന് വരെയുള്ള തീയതികളിൽ ചേരുന്നതിനും തീരുമാനിച്ചു. ജില്ലയിൽ ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്നില്ലാത്തത് കൊണ്ട് കെ.പി.സി.സി നിർദ്ദേശിക്കുന്ന പോയിന്റിൽ പ്രവർത്തകരെ എത്തിക്കുന്നതിനായി മുഴുവൻ മണ്ഡലം കേന്ദ്രീകരിച്ചു ഡി.സി.സി ഭാരവാഹികൾക്കും ബൂത്തുകളിൽ ബ്ലോക്ക്, മണ്ഡലം നേതാക്കൾക്കും ചുമതലകൾ നൽകി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള ഭാരത് ജോഡോ യാത്ര 150 ദിവസങ്ങൾ 3570 കലോമീറ്റർ താണ്ടി കശ്മീരിൽ സമാപിക്കുമ്പോൾ മോദി ഭരണത്തിന്റെ അടിത്തറ ഇളകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ പറഞ്ഞു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോഡിനേറ്റർ റോയ് കെ. പൗലോസ് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എ.പി. ഉസ്മാൻ, കെ.പി.സി.സി സെക്രട്ടറി പി.എ. സലിം, എ.എം. ദേവസ്യ എന്നിവർ പ്രസംഗിച്ചു.