അടിമാലി: കോരി ചൊരിയുന്ന മഴയിലും ആവേശമൊട്ടും ചോരാതെ നൂറു കണക്കിന് പ്രവർത്തകരുടെയും റെഡ് വോളണ്ടിയർമാരുടെയും മുദ്രാവാക്യങ്ങൾക്കിടയിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയിൽ കൊടിയുയർന്നു. നേരത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ

പതാക, ബാനർ, കൊടിമരം, ദീപശിഖ ജാഥകൾ സമ്മേളന നഗരിയായ പഞ്ചായത്ത് ടൗൺ ഹാളിൽ സംഗമിക്കുകയായിരുന്നു. തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ തിരികെ അടിമാലി സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടനമായി നീങ്ങി. ഇവിടെ നടന്ന ചടങ്ങിൽ പതാക ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും, ബാനർ ജില്ലാ അസി. സെക്രട്ടറി സി.യു. ജോയിയും, കൊടിമരം ഇ.എസ്. ബിജിമോളും ദീപശ്ശിഖ സി.പി.ഐ എക്‌സി. അംഗം പ്രിൻസ് മാത്യുവും ഏറ്റുവാങ്ങി. പെയ്തിറങ്ങിയ പെരുമഴയിൽ വിപ്ലവ വീര്യം ചോരാത്ത നൂറു കണക്കിന് പ്രവർത്തകരുടെയും റെഡ് വോളണ്ടിയർമാരുടെയും മുദ്രാവാക്യങ്ങൾക്കിടയിൽ സ്വാഗതസംഘം ജനറൽ കൺവീനർ സി.എ. ഏലിയാസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അദ്ധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, സംസ്ഥാന എക്‌സി അംഗം എൻ. രാജൻ എന്നിവർ സംസാരിച്ചു. മാത്യു വർഗീസ്, പി മുത്തുപ്പാണ്ടി, കെ. സലിം കുമാർ, സി.യു. ജോയി, പ്രിൻസ് മാത്യു, ജോസ് ഫിലിപ്പ്, പി. പളനിവേൽ, വി.ആർ. ശശി, കെ.സി. ആലീസ്, ജയിംസ് ടി. അമ്പാട്ട്, സുനിൽ സെബാസ്റ്റ്യൻ, വി.കെ. ബാബുക്കുട്ടി, അഡ്വ. വി.എസ്. അഭിലാഷ്, അഡ്വ. എം. ഭവ്യ എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ സി.എ. ഏലിയാസ് സ്വാഗതവും ട്രഷറർ വിനു സ്‌കറിയ നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.