കമ്മ്യൂണിസ്റ്റാക്കിയത് ജോസ് എബ്രഹാമും കേരളകൗമുദിയും
തൊടുപുഴ: 'നാട്ടുകാരെ പറ്റിച്ചെന്ന് ഞാൻ അറിഞ്ഞാൽ, അന്ന് മുട്ടുകാൽ തല്ലിയൊടിക്കും" തട്ടക്കുഴ കയ്യാണിക്കൽ അയ്യപ്പന്റെ മകൻ കെ.കെ. ശിവരാമന് ഇന്നും വെളിച്ചം പകരുന്നത് അച്ഛന്റെ ഈ ഉപദേശമാണ്. 16 വർഷം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചുവിരിച്ച് നയിച്ച ശേഷം തലയയുർത്തി ശിവരാൻ പടിയിറങ്ങുകയാണ്. പറയേണ്ട കാര്യങ്ങൾ ആരോടായാലും മുഖം നോക്കാതെ പറയാൻ ശേഷിയുള്ള നേതാവാണ് കെ.കെ.എസ്. അതിന്റെ ചൂട് ഘടകക്ഷികളും സ്വന്തം പാർട്ടിക്കാരും അറിഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിൽ ഇന്ന് വരെ എതിരാളികൾ പോലും ഒരു ആരോപണവും ഉന്നയിക്കാത്ത കറകളഞ്ഞ കമ്മ്യൂണിസ്റ്റായി ശിവരാമൻ നിലകൊള്ളുന്നു. ഇക്കാലത്തിനിടെ ചുരുങ്ങിയ കാലമാണെങ്കിലും മാദ്ധ്യമപ്രവർത്തകനായും തിളങ്ങി. 1970ൽ 18-ാം വയസിലാണ് ശിവരാമൻ പാർട്ടി മെമ്പറാകുന്നത്. ഇ.എം.എസ് സർക്കാരിന്റെ ഭൂനയത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ 1969 സെപ്തംബർ 28ന് ഉടുമ്പന്നൂരിൽ ഭൂമി പിടിച്ചെടുക്കൽ സമരം നടത്തിയിരുന്നു. സമരത്തിൽ പങ്കെടുത്ത നൂറുകണക്കിന് പേരെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. രണ്ട് ദിവസത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. ജോസ് എബ്രഹാം നടത്തിയ വികാരനിർഭരമായ പ്രസംഗം യുവാവായ ശിവരാമനെ വളരെയധികം സ്വാധീനിച്ചു. ഇതും രണ്ടാം ക്ലാസ് മുതൽ ആരംഭിച്ച കേരളകൗമുദി വായനയുമാണ് തന്നെ കമ്മ്യൂണിസ്റ്റാക്കിയതെന്ന് ശിവരാമൻ പറയുന്നു. ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടങ്ങളിൽ പാർട്ടി നേരിട്ട പ്രതിസന്ധികളെ കരുത്തുറ്റ മനസാന്നിദ്ധ്യം കൊണ്ടും വിവേകപൂർണ്ണമായ സമീപനങ്ങൾ കൊണ്ടും ഉജ്ജലമായ സംഘാടക മികവ് കൊണ്ടും മറികടന്നു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അതിന്റെ ഫലമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നിരവധി സാധാരണ ജനങ്ങൾക്ക് പട്ടയം നേടികൊടുക്കാനായി. നെടുങ്കണ്ടത്ത് നടന്ന രാജ്കുമാറിന്റെ ഉരുട്ടികൊലയിൽ ഉന്നത പൊലീസുകാരെ രക്ഷിക്കാൻ ഭരണകക്ഷിയിലെ തന്നെ ചിലർ ശ്രമിച്ചപ്പോൾ ശക്തമായ നിലപാടാണ് കെ.കെ.എസ് കൈകൊണ്ടത്. പാർട്ടിക്കെതിരെ വരുന്ന ദൂരാരോപണങ്ങൾ ശക്തമായി നേരിടാൻ ചാട്ടുളിപോലുള്ള വാക്കുകൾ കൊണ്ട് തിരിച്ചടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മൂലം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുകയാണെങ്കിലും ഇനിയും സാധാരണക്കാർക്കിടയിൽ അവർക്ക് വേണ്ടി പോരാടാൻ ശിവരാമൻ ഉണ്ടാകുമെന്ന് തീർച്ചയാണ്.