
കട്ടപ്പന: കുട്ടികളിലെ മികവിന് സർക്കാർ എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള പ്രതിഭാ പരിപോഷണ പദ്ധതിയായ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം' കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വിവിധ കോഴ്‌സുകൾ അനുവദിക്കുന്നതിലും സർക്കാർ ഏറെ മുന്നിലാണ്. ജില്ലയെ സംബന്ധിച്ച് കട്ടപ്പന ഗവ. കോളേജും ഇടുക്കി മെഡിക്കൽ കോളേജും ഇതിന് ഉത്തമ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എ. ഇ. ഒ. ടോമി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന വിദ്യഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന അപ്പർ സ്‌കൂൾ സ്‌കോളർഷിപ്പ് (യുഎസ്എസ്) ജേതാക്കളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോർഡിനേറ്റർ അമ്പിളി ജി. കുട്ടികൾക്കുള്ള ക്ലാസ് നയിച്ചു. കട്ടപ്പന ഗവ. കോളേജ് പ്രിൻസിപ്പൽ കണ്ണൻ വി, കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, എസ്.എസ.കെ പ്രതിനിധി എൻ. വി. ഗിരിജ കുമാരി, കൈറ്റ് ഇടുക്കി മാസ്റ്റർ ട്രെയിനർ ബിജേഷ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.