ഇടുക്കി: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സാദ്ധ്യതാ പഠനം നടത്തി പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് വികസന സമിതി യോഗത്തിലാണ് ഡി.എഫ്.ഒമാർ തീരുമാനം അറിയിച്ചത്. നിലവിൽ മറയൂർ, കാന്തല്ലൂർ, മൂന്നാർ മേഖലയിൽ സോളാർ ഫെൻസിങ്, ജനജാഗ്രത സമിതി, വാച്ചർമാരുടെ സേവനം, സ്വയം സന്നദ്ധ പുനരധിവാസം എന്നിവ നടപ്പിലാക്കിയിട്ടുണ്ടെന്നും ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും യോഗത്തിൽ അറിയിച്ചു. പൈനാവ്- താന്നിക്കണ്ടം- അശോകക്കവല റോഡ്, ചെമ്മണ്ണാർ- ഗ്യാപ്പ് റോഡ് എന്നിവ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പ്രവൃത്തി തുടർന്നുവരുന്നതായി പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പഞ്ചായത്ത് റോഡ്, ദേശീയപാത, പെതുമരാമത്ത് റോഡ് എന്നിവയുടെ വശങ്ങളിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്യാൻ എല്ലാ പഞ്ചായത്തുകൾക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കും നിർദേശം നൽകിയതായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും എക്‌സിക്യൂട്ടീവ് എൻജിനീയറും അറിയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലേക്കുള്ള ഒപ്ടിക്കൽ ഫൈബർ കണക്ടിവിറ്റിക്കായുള്ള എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച് ഫണ്ട് നൽകിയിട്ടുണ്ട്. സൊസൈറ്റിക്കുടിയിൽ ആന നശിപ്പിച്ച ബി.എസ്.എൻ.എൽ ടവർ പുനർനിർമിച്ചതായും ഇടമലക്കുടിയിൽ ഇന്റർനെറ്റ് മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് 4,30,74,727 രൂപ അനുവദിച്ചിട്ടുണ്ടെന്നും ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു. ലയങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾക്ക് മാനേജ്‌മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 19,552 അന്യസംസ്ഥാന തൊഴിലാളികളാണ് നിലവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ രൂക്ഷമാകുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് എ.ബി.സി പദ്ധതി പ്രകാരം രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന തോതിൽ ജില്ലയിൽ ഡോഗ് ഷെൽട്ടർ തുടങ്ങാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. യവാക്കളിലെ ലഹരി ഉപയോഗം തടയാനും ബോധവത്കരണം നടത്താനും പൊലീസ്, എക്‌സൈസ്, പഞ്ചായത്തുകൾ എന്നിവ സഹകരിച്ച് പ്രവർത്തിക്കാനും സ്‌കൂൾ പരിസരങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധന നടത്താനും തീരുമാനിച്ചു.