അടിമാലി: കഞ്ഞിക്കുഴിയിലെ പട്ടയ വിതരണത്തിന്റെ പേര് പറഞ്ഞ് ആരും വിരട്ടാൻ നോക്കേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. വെള്ളിയാഴ്ച ചെറുതോണിയിൽ എം.എം. മണി നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഞ്ഞിക്കുഴിയിൽ മാത്രമല്ല ജില്ലയിൽ നടന്ന എല്ലാ പട്ടയവിതരണത്തെക്കുറിച്ചും കൃത്യമായ വിവരം തനിക്കുണ്ടെന്ന് ശിവരാമൻ പറഞ്ഞു. ജില്ലയിലെ കർഷകർ ഉൾപ്പെടെയുള്ളവരുടെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു പാർട്ടിയെന്ന നിലയിൽ സി.പി.ഐ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയുടെയോ പാർട്ടിയുടെയോ കഴിവുകൊണ്ടല്ല ഇതൊക്കെ നടക്കുന്നതെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതായിരിക്കും. തന്റെ താളത്തിനൊത്ത് തുള്ളുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് നല്ലതുപോലെ അറിയാവുന്ന ആളാണ് താൻ. സി.പി.ഐയും അങ്ങനെ ആരുടെയും താളത്തിനൊത്ത് തുള്ളുന്ന പാർട്ടിയല്ല. ഓരോ പാർട്ടികളും നിലപാടെടുക്കുന്നത് എങ്ങനെയെന്ന് തനിക്ക് വ്യക്തതയുണ്ടെന്നും ശിവരാമൻ അടിമാലിയിൽ പറഞ്ഞു.