തൊടുപുഴ: തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ച് തന്റെ മൂന്നരപവന്റെ മാല മോഷ്ടിച്ച സ്ത്രീയെ മറ്റൊരു മോഷണക്കേസിൽ പിടിയിലായപ്പോൾ പത്രങ്ങളിൽ വന്ന പടം കണ്ട് വീട്ടമ്മ തിരിച്ചറിഞ്ഞു.
ഉടുമ്പന്നൂർ സ്വദേശി തുരുത്തേൽ ഏലിയാമ്മയാണ് (68) മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഇവരുടെ മാലപൊട്ടിച്ച കോയമ്പത്തൂർ റെയിൽവേ കോളനി സ്വദേശി കവിതയെ(26) ബസ് സ്റ്റാൻഡിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആഗസ്റ്റ് നാലിനാണ് സംഭവം. എറണാകുളത്ത് ജോലിചെയ്യുന്ന ഏലിയാമ്മ ഉടുമ്പന്നൂരിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്നു. മുതലക്കോടത്ത് നിന്ന് കവിത ബസിൽ കയറി. ഏലിയാമ്മ ഇരുന്ന സീറ്റിന് സമീപം ഇരുന്നു. ഇതിനിടെ കൈമുട്ട് എന്തോ പുരട്ടിയ കവിത, തന്നെ അത് മണപ്പിക്കാൻ ശ്രമിച്ചെന്നാണ് ഏലിയാമ്മ പറയുന്നത്. അപ്പോൾ മുതൽ ചെറുതായി തലകറങ്ങുകയും നാക്കു കുഴഞ്ഞ് വരുന്നതുപോലെയും തോന്നി. ബസ് ഇറങ്ങാൻ ജീവനക്കാരാണ് സഹായിച്ചത്. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നെന്നും അത് നനഞ്ഞപ്പോൾ അസ്വസ്ഥതകൾ വിട്ടുമാറിയെന്നും ഏലിയാമ്മ പറയുന്നു. തുടർന്ന് എറണാകുളത്ത് താൻ വീട്ടുജോലി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര തിരിക്കാൻ മറ്റൊരു ബസിൽ കയറിയപ്പോഴാണ് മാല മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. തിരിച്ചെത്തി തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം എറണാകുളത്ത് പത്രങ്ങളിൽ വന്ന ഒരു മോഷണ വാർത്ത വായിക്കാൻ ഇടയായ ഏലിയാമ്മ പ്രതിയുടെ ചിത്രം തിരിച്ചറിയുകയും അന്ന് ബസ്സിൽ കൂടെയുണ്ടായിരുന്നത് ഇവർ തന്നെയാണെന്ന് തൊടുപുഴ പൊലീസിൽ അറിയിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് റിമാൻഡ് ചെയ്ത പ്രതിയെ കോടതിയുടെ അനുമതിയോടെ തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവും സി.പി. ഒ അബ്ദുൾ ഗഫൂറും അടങ്ങുന്ന സംഘം കസ്റ്റഡിയിൽ വാങ്ങി തൊടുപുഴയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. ഏലിയാമ്മയെയും പൊലീസ് സ്ഥലത്തെത്തിച്ചിരുന്നു.