അടിമാലി : നീലകുറഞ്ഞി ഉദ്യോനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉടൻ കാണുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനോടനുബന്ധിച്ച് കളക്ടറുടെ പദവിയുള്ള ഉദ്യേഗസ്ഥനെ നിയമിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ നിലകുറഞ്ഞി ഉദ്യോനം അളന്ന് തിരിച്ച് ബന്ധപ്പെട്ടവർക്ക് നൽകാൻ പ്രത്യേക സർവ്വേ സംഘത്തിനെ നിയമിക്കുമെന്നും ഇതിനായി ഒരു പ്രത്യേക സർവ്വേ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. മൂന്നാർ ദേവികുളം വട്ടവട മേഖലയിലെ ഭൂപ്രശ്‌ന പരിഹാരത്തിനായി നേരിട്ടെത്തും. കഴിയുന്ന പരമാവധി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ സാധാരണക്കാരായ കർഷകർക്കൊപ്പം ഇടത് സർക്കാർ എന്നും നിലകൊള്ളും. രവീന്ദ്രൻ പട്ടയ കാര്യത്തിൽ ഒരാളും ആശങ്കപ്പെടേണ്ടതില്ലെന്നും അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത പട്ടയ വിഭാഗത്തിൽപെട്ട രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാൻ ഒന്നാം എൽ.ഡി.എഫ് സർക്കാർ തീരുമാനം എടത്തിരുന്നു. പതിച്ച് കൊടുക്കപ്പെട്ട പട്ടയങ്ങളുടെ നിയമ സാധ്യത പരിശോധിച്ച് അർഹതയുള്ള മുഴവൻ പേർക്കും പുതിയ പട്ടയം നൽകാനും അല്ലാത്തവ റദ്ദ് ചെയ്യുവാൻ ഒരു ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി കൊണ്ടുള്ള കളക്ടറുടെ തീരുമാനം സർക്കാർ അംഗീകരം നൽകിയിട്ടുണ്ട്. കാലതാമസം കൂടാതെ പുതിയ പട്ടയം നൽകാനുള്ള നടപടി ക്രമങ്ങളുമായാണ് തുടർ എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.