നെടുങ്കണ്ടം: ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ രാഘവന്റെ (85) 53,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. രാഘവന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. തുടർ ചികിത്സ ആവശ്യമായി വന്നതോടെ രാഘവൻ പശുവിനെ വിറ്റാണ് അത്യാവശ്യത്തിനുള്ള പണം സമാഹരിച്ചത്. ലഭിച്ച പണം വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാഘവൻ പാലുമായി സൊസൈറ്റിയിൽ തിരികെ വരുന്ന സമയത്തിനിടെയാണ് മോഷണം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനുമിടയ്ക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ ചോദ്യം ചെയ്തതായും സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയതായും എസ്‌.ഐ അബ്ദുൽ കനി അറിയിച്ചു.