പീരുമേട്: റീ സർവ്വേ പൂർത്തീകരിച്ച പീരുമേട് വില്ലേജിൽപെട്ട റാണിമുടി, റാണി കോവിൽ, മ്ലാമല പുതുവൽ, ലാഡീ പുതുവൽ, തെപ്പക്കുളം, പീരുമേട്, കല്ലാർ, പള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ താമസിക്കുന്നവർ റീസർവ്വേ കഴിഞ്ഞപ്പോൾ പീരുമേട് വില്ലേജിൽ നിന്ന് പുറത്തായതായി രേഖകൾ പറയുന്നു. ഇതിനെതിരെ രണ്ടായിരത്തോളം പരാതികളാണ് റീസർവ്വേ ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇത് പരിഹരിക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ റിസർവ്വേ പിഴവുകൾ തിരുത്താൻ കഴിയാതെ നീണ്ടുപോകുകയാണ്. സർവേ നമ്പർ
841, 969, 399, 184/1a, 184, 969 ഈ സർവ്വേ നമ്പറിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് മഞ്ജുമല വില്ലേജിലും പീരുമേട് വില്ലേജിലുമായി മാറിയിട്ടുള്ളത്. പട്ടയത്തിലും ആധാരത്തിലും പറയുന്ന സർവേ നമ്പർ കൃത്യമാണ് റീ സർവ്വേ കഴിഞ്ഞപ്പോഴാണ് ഈ പിശകുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ സർവ്വേ നമ്പർ മാറ്റത്തിന് വില്ലേജുകളിലെത്തുമ്പോൾ ഉദ്യോഗസ്ഥർ പറയുന്നത് റീ സർവ്വേ കഴിയുമ്പോൾ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ്. എന്നാൽ വില്ലേജുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്ത് താമസിക്കുന്ന വസ്തുതകൾക്കാണ് പിഴവുകൾ ഏറെ വന്നിട്ടുള്ളത്. ഒറ്റ വില്ലേജിൽ കരമടച്ചു കൊണ്ടിരുന്ന വസ്തുക്കൾ രണ്ട് വില്ലേജുകളിലായി മാറിയിരിക്കുകയാണ്. എല്ലാ പരാതികളും പരിഹരിക്കാനാവുമെന്നാണ് റീസർവ്വേ ഓഫീസിൽ നിന്ന് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എട്ടുമാസം കഴിഞ്ഞിട്ടും പഴയതു പോലെ തന്നെ. റീസർവ്വേ പരാതികൾ പരിഹരിക്കാൻ ബന്ധപ്പെട്ട ആളുകൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇപ്പോൾ നിലവിൽ ഇത് സംബന്ധിച്ച് പരാതികൾ ഒട്ടേറെ ഉള്ളപ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥന്മാരുടെ കുറവുകൊണ്ടാണെന്ന് പറയുന്നു. 184, 969, 971 തുടങ്ങിയ സർവ്വേ നമ്പറിലുള്ള വസ്തുക്കളാണ് പീരുമേട്ടിലും മഞ്ചു മലയിലുമായി കിടക്കുന്നത്. റാണി കോവിൽ തേവേരിൽ സലീമിന് 84 സെന്റ് സ്ഥലമാണുള്ളത്. ഇതിൽ പത്ത് സെന്റ് പീരുമേട് വില്ലേജിലും 74 സെന്റ് മഞ്ചുമല വില്ലേജിലുമായിട്ടാണ് കിടക്കുന്നത്. പീരുമേട് വില്ലേജിൽ കരം ഒടുക്കിയിരുന്ന ഒറ്റ വസ്തുവാണ് ഇപ്പോൾ രണ്ട് വില്ലേജിലായി മാറിയിരിക്കുന്നത്. പീരുമേട്, മഞ്ചുമല, ഏലപ്പാറ, എന്നീ വില്ലേജുകൾ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് റീ സർവ്വേ പിഴവുകൾ ഉണ്ടായിട്ടുള്ളത്. അധികവും ഒരു വസ്തു രണ്ട് വില്ലേജുകളിലായി മാറി കിടക്കുന്നത് പരിഹരിക്കാൻ ആവശ്യപ്പെട്ട് നിരവധി പരാതികൾ പീരുമേട് റീസർവ്വേ ആഫീസിൽ നൽകിയിട്ടുണ്ട്. വില്ലേജുകളിലെ അതിർത്തിയായി കിടക്കുന്ന പ്രദേശങ്ങളിലും ഇപ്രകാരം സംഭവിച്ചിട്ടുള്ളത് ചൂണ്ടിക്കാണിക്കുന്നു.
ആക്ഷേപങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പീരുമേട് വില്ലേജില റിസർവ്വേ പിഴവ് എന്നു പരിഹരിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.
അതിർത്തി നിർണയിക്കുന്നതിലെ പിഴവ്
മുൻപ് ഭൂമിശാസ്ത്രപരമായിട്ടായിരുന്നു വില്ലേജുകളെ വേർതിരിച്ചിരുന്നത്. നദി, തോട്, റോഡ്, ഇപ്രകാരമായിരുന്നു അതിർത്തി നിർണ്ണയിച്ചിരുന്നത്. ഇപ്പോൾ രണ്ടു മലകളുടെ ഉയരം വച്ച് കൊണ്ടാണ് അതിർത്തി നിർണ്ണയിക്കുന്നത്. ഇപ്രകാരം അതിർത്തി നിർണ്ണയിക്കുമ്പോൾ മലകളുടെ താഴ്‌വാരകളിൽ ഉണ്ടാകുന്ന വസ്തുക്കളാണ് രണ്ട് വില്ലേജുകളിലായി മാറി പോയത്. ഉയരം കൂടിയ മലകളുടെ മുകൾഭാഗം വച്ചുകൊണ്ടാണ് റിസർവ്വേയിൽ അതിർത്തികൾ തിരിച്ചിരിക്കുന്നത്. രണ്ടു വില്ലേജുകളുടെ അതിർത്തിപങ്കിടുന്ന മലഞ്ചെരുവുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വസ്തുക്കളാണ് ഇപ്രകാരം തെറ്റായി റീസർവ്വേയിൽപ്പെട്ടിട്ടുള്ളത്.