വണ്ടിപ്പെരിയാർ: സാധനം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാപാരിക്ക് പരിക്ക്. വണ്ടിപ്പെരിയാർ ശെൽവം സ്റ്റോർ ഉടമ ജയകുമാറിനാണ് പരിക്കേറ്റത്. വണ്ടിപ്പെരിയാർ ശെൽവം സ്റ്റോറിൽ സാധനം വാങ്ങുന്നതിനിടെ വില കൂടുതലിനെ ചൊല്ലി ഉണ്ടായ തർക്കത്തിലാണ് ജയകുമാറിന് പരിക്കേറ്റത്. വണ്ടിപ്പെരിയാറിലെ ചുമട്ടുതൊഴിലാളിയായ രമേശും കുടുംബവും സാധനം വാങ്ങുന്നതിനിടെ വില കൂടുതലാണെന്ന് പറഞ്ഞു. താങ്കൾക്ക് സൗകര്യമുണ്ടെങ്കിൽ സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന് ജയകുമാർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് തൂക്കാനും ശേഖരിക്കാനും ഉപയോഗിക്കുന്ന ഇരുമ്പ് നിർമ്മിത പാത്രം ഉടമയായ ജയകുമാർ സാധനം വാങ്ങാനെത്തിയ ചുമട്ടുതൊഴിലാളിയായ ഇഞ്ചിക്കാട് സ്വദേശി രമേശിന്റെ നേർക്ക് എറിഞ്ഞു. ഇതോടെ വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്നവർ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നതിനിടെ രമേശ് കടയിലുണ്ടായിരുന്ന തേങ്ങ എടുത്ത് ഉടമയായ ജയകുമാറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ജയകുമാറിന്റെ തലയ്ക്ക് പരിക്കേറ്റതോടെ ഇയാളെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.