അടിമാലി: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി അടിമാലിയിൽ നടന്നുവരുന്ന ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. കോട്ടയത്തെ പോലെ ഇടുക്കിയിലും മത്സരമുണ്ടാകാനാണ് സാദ്ധ്യത. മത്സരമുണ്ടായാൽ പ്രതിനിധികളിൽ ഭൂരിപക്ഷമുള്ള ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്ന കെ. സലിംകുമാർ വിജയിക്കാനാണ് സാദ്ധ്യത. സംസ്ഥാന നേതൃത്വം നി‌ർദേശിച്ചിരിക്കുന്ന മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾക്ക് വനിതയെന്ന മുൻഗണനയുണ്ട്. മത്സരമൊഴിക്കാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്. ഉച്ചയോടെ ജില്ലാ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കും. സെപ്തംബർ 30 മുതൽ ഒക്ടോബർ നാല് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും ഇന്ന് സമ്മേളനത്തിൽ തിരഞ്ഞെടുക്കും. നാല് ദിവസമായി അടിമാലിയിലെ സി.എ. കുര്യൻ നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനം മന്ത്രി പി. പ്രസാദും പ്രതിനിധി സമ്മേളനം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനുമാണ് ഉദ്ഘാടനം ചെയ്തത്. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, റവന്യൂ മന്ത്രി കെ. രാജൻ, കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വസന്തം, സംസ്ഥാന എക്‌സിക്യുട്ടീവംഗം എൻ. രാജൻ എന്നിവർ വിവിധ ദിവസങ്ങളിൽ സമ്മേളനത്തിൽ സംസാരിച്ചു. ഇന്ന് തിരഞ്ഞെടുപ്പിന് ശേഷം ഭാവി പരിപാടികൾ ചർച്ച ചെയ്യും. തുടർന്ന് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും. സി.പി.ഐ അടിമാലി മണ്ഡലം സെക്രട്ടറി കെ.എം. ഷാജി നന്ദി പറയും.