കുടയത്തൂർ: ഞായറാഴ്ച രാത്രി പത്തിന് തുടങ്ങിയ മഴ 11.30 മുതൽ മഴ അതി ശക്തമായി. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് തുള്ളിക്കൊരു കുടം കണക്കെ ആർത്തലച്ച് പെയ്തിറങ്ങി. ഭയന്നത് പോലെ പുലർച്ചെ കുടയത്തൂർ സംഗമംകവലയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേർ ഒലിച്ചുപോയെന്ന വാർത്ത കേട്ടാണ് ഇന്നലെ നാടുണർന്നത്. പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടം 3.30 നാണ് പുറംലോകമറിയുന്നത്. 3.40ന് കാഞ്ഞാർ പൊലീസും മൂലമറ്റം ഫയർഫോഴ്സിലും നാട്ടുകാർ വിവരമറിയിച്ചു. 3.50ന് ഇരുസേനകളും സ്ഥലത്തെത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. ഇതുവരെ ഉരുൾപൊട്ടലുണ്ടാകാത്ത മേഖലയായതിനാൽ ദുരന്തമുഖം നേരിട്ടു കണ്ടപ്പോഴാണ് ഭീകരത മനസിലായത്. തുടർന്ന് ദ്രുതഗതിയിലായിരുന്നു രക്ഷാപ്രവർത്തനം. തുടർന്ന് മൂലമറ്റം കൂടാതെ ഇടുക്കി, കട്ടപ്പന, തൊടുപുഴ, കല്ലൂർക്കാട്, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പന്തപ്ലാവിൽ വീടു നിന്നിരുന്ന പ്രദേശത്തേക്കു വാഹനങ്ങൾക്കും മണ്ണുമാന്തിയന്ത്രങ്ങൾക്കും എത്തിച്ചേരാൻ കഴിയാതിരുന്നതു രക്ഷാപ്രവർത്തനം ൈവകിപ്പിച്ചു. കുത്തനയുള്ള കയറ്റത്തിനൊപ്പം റോഡിലൂടെ കുതിച്ചെത്തിയ ചെളിവെള്ളവും പാറക്കല്ലുകളും പ്രതിസന്ധിയായി. ഉരുൾപൊട്ടിയെത്തിയ പ്രദേശത്തു മുട്ടറ്റത്തോളം ചെളി അടിഞ്ഞു കൂടിയിരുന്നു. ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന തരത്തിൽ കൂറ്റൻ പാറക്കല്ലുകളും തങ്ങിനിന്നിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ആദ്യത്തെ മണ്ണുമാന്തി യന്ത്രം എത്തിച്ചു റോഡിലെ തടസ്സങ്ങൾ നീക്കംചെയ്തു. രക്ഷാപ്രവർത്തനം ആരംഭിച്ചു ആദ്യത്തെ മണിക്കൂറിൽ തന്നെ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 11 മണിയോടെയാണ് അവസാന മൃതദേഹവും പുറത്തെടുക്കാാനായത്. റവന്യൂ മന്ത്രി കെ. രാജൻ, ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടർ ഷീബാ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ആർ.ഡി.ഒ എം.കെ. ഷാജി എന്നിവർ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫയർ & റസ്‌ക്യൂ, പൊലീസ്, ഫോറസ്റ്റ്, സിവിൽ ഡിഫൻസ് തുടങ്ങിയ സന്നദ്ധ സംഘടകളും തിരച്ചിൽ പ്രവർത്തനത്തിനുണ്ടായിരുന്നു.
സ്കൂളിന് അവധി
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന കുടയത്തൂർ ന്യൂ എൽ.പി സ്കൂൾ സ്കൂളിന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.