കുടയത്തൂർ: ഉരുൾപൊട്ടലുണ്ടായ കുടയത്തൂരിൽ കനത്ത മഴയെ തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി. പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലയുടെ മുകളിൽ അടർന്നിരിക്കുന്ന പാറക്കൂട്ടങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂർ ഗവ. ന്യൂ എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിക്കുന്നേൽ മനോജ്, പേര്പാറയിൽ ലിനു, ചേലാട്ട് വിജയൻ, വെളുത്തേടത്ത് പറമ്പിൽ ത്രേസ്യാമ്മ, മാണിക്കത്താട്ട് ദേവകി ദാമോദരൻ, തോട്ടുംകരയിൽ സലിം, ചിറ്റടിച്ചാലിൽ രാജേഷ്, പാമ്പനാചാലിൽ മനോജ്, പാമ്പനാചാലിൽ ഗോപാലൻ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. ഇവർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ അപകട സ്ഥലത്തിന് സമീപത്തെ കോളനിയിൽ താമസിക്കുന്നവരേയും ഇവിടേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.