parappan

മുട്ടം: മുട്ടം പരപ്പാൻ തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിലും സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം നിറഞ്ഞ് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.കുടയത്തൂർ സംഗമം ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം ഒഴുകിയെത്തിയാണ് പരപ്പാൻ തോട് കര കവിഞ്ഞത്.മുൻപും പരപ്പാൻ തോട് കര കവിഞ്ഞിട്ടുണ്ടെങ്കിലും കനത്തെ മഴയെ തുടർന്നാണ്. എന്നാൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ അപ്രതീക്ഷിതമായിട്ടാണ് പരപ്പാൻ തോട് കരകവിഞ്ഞത്.മഴ ഇല്ലാത്ത സമയത്ത്‌ പുലർച്ചെ തോട് കര കവിഞ്ഞത് പ്രദേശത്തെ ജനങ്ങളേയും അമ്പരപ്പിച്ചു. പിന്നീടാണ് കുടയത്തൂർ പ്രദേശത്ത് ഉരുൾ പൊട്ടിയ കാര്യം ഏവരും അറിഞ്ഞത്.തോട്ടുങ്കര പാലത്തിന് സമീപത്തുള്ള ചെട്ടിപ്പറമ്പിൽ ഷാനവാസ്‌ സി എം,ഷാജഹാൻ സി എം,കുന്നുംപുറത്ത് സതീശൻ,കുറ്റിയാനിക്കൽ നാരായണൻ,അത്തിമണ്ണിൽ സുനിത,വത്സ റ്റി ടി,നത്തേക്കാട്ടിൽ ഹനീഫ,ജോമോൻ പൂത്തോടിയിൽ, തെള്ളിക്കുന്നേൽ കുഞ്ഞ്മോൻ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഇവരിൽ മിക്കവാറും ആളുകൾ വാടകക്ക് താമസിക്കുന്നവരുമാണ്.തോട് കരകവിയുമ്പോൾ ഏറ്റവും ദുരിതപ്പെടുന്നതും ഈ കുടുംബങ്ങളാണ്.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,പ്രദേശവാസികൾ എന്നിവർ വിവരം അറിഞ്ഞ് പുലർച്ചെ സമയത്ത് പ്രദേശത്ത് എത്തി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി.മുട്ടം കോടതിക്ക് സമീപത്തുള്ള വിജിലൻസ് ഓഫീസിന്റെ വാഹന പാർക്കിംഗ് സ്ഥലത്തും ഐ എച്ച് ആർ ഡി കോളേജ് റോഡിലും തോട്കരകവിഞ്ഞൊഴുകി.

തോട് കര കവിയുമ്പോൾ ഈ രണ്ട് പ്രദേശങ്ങളിലും വെള്ളം നിറയുന്നത് പതിവാണ്.