തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടി അഞ്ച് പേർ മരിച്ച ദുരന്തഭൂമി ആരും സന്ദർശന കേന്ദ്രമാക്കരുതെന്ന് റവന്യു മന്ത്രി കെ. രാജൻ. രക്ഷാപ്രവർത്തനങ്ങളുടെ നേതൃത്വവുമായി സ്ഥലത്തുണ്ടായിരുന്ന അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഒരു കുടുംബത്തെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കനത്ത ജാഗ്രത ഇനിയും ആവശ്യമാണ്. ദുരന്തസാദ്ധ്യത പൂർണമായും ഇല്ലാതായി എന്ന് പറയാനാവില്ല. ഇവിടെ താമസിക്കുന്നവരുടെ അടുത്ത ബന്ധുക്കളൊഴികെ മറ്റാരും കാഴ്ചക്കാരായി പ്രദേശത്തേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം. ദുരന്തമേഖലയിലേക്ക് വിനോദസഞ്ചാരം നടത്തുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ഇത്തരമൊരു ദുരന്തം ഈ പ്രദേശത്ത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ പഠനവും പരിശോധനയും ആവശ്യമാണ്. അപകടാവസ്ഥയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചതായും മന്ത്രി പറഞ്ഞു.