കുടയത്തൂർ: നാരമംഗലത്ത് അശോകൻ ഇനിയും ഞെട്ടലിൽ നിന്ന് മോചിതനായിട്ടില്ല. ബന്ധു കൂടിയായ സോമനും കുടുംബത്തിനും സംഭവിച്ചത് ഓർക്കാനാകുന്നില്ല. എപ്പോഴും തങ്ങളുടെ വീട്ടുമുറ്റത്തും തൊടിയിലും ഓടിക്കളിക്കുന്ന അഞ്ചുവയസസുകാരന്റെ വേർപാട് ഓർക്കുമ്പോൾ നെഞ്ച് നീറും. ശക്തമായ മഴ തെല്ല് കുറഞ്ഞതോടെ നല്ല ഉറക്കത്തിലായിരുന്നു അശോകനും കുടുംബവും. മൂന്ന് മണിയോടെയാണ് മുകൾ ഭാഗത്ത് നിന്ന് വലിയ മുഴക്കം കേൾക്കുന്നത്. മരങ്ങൾ കൂട്ടത്തോടെ ഒടിഞ്ഞമരുന്ന പോലുള്ള ശബ്ദം. അശോകനും കുടുംബവുമെല്ലാം ശബ്ദം കേട്ട് വീടിന് മുന്നിലേക്ക് ഓടിയിറങ്ങി. വൈദ്യുതിയില്ലായിരുന്നു. ചുറ്റും വെള്ളമൊഴുകുന്ന ശബ്ദം കേൾക്കാം. ടോർച്ച് തെളിച്ച് റോഡിലേക്കിറങ്ങാൻ നോക്കുമ്പോൾ അവിടെയെല്ലാം ചെളിയും പാറക്കല്ലുകളും. വീടിന് മുകളിലേക്ക് ടോർച്ചടിച്ച് നോക്കുമ്പോഴാണ് അപകടത്തിന്റെ ഭീകരത കാണുന്നത്. വീടിന് മുകളിൽ നിന്നിരുന്ന മരത്തിലിടിച്ച് നിൽക്കുകയാണ് ഉരുൾപൊട്ടി ഒഴുകിഴെയത്തിയ കൂറ്റൻ പാറകളും മണ്ണും വീടിന്റെ അവശിഷ്ടങ്ങളുമായിരുന്നു. വീടിന്റെ ഇരുവശങ്ങളിലുമായി ഉരുൾ വീടിനെ ഒഴിവാക്കി ഒഴുകിയത് ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടു. അപ്പോഴേക്കും അയൽവാസികളുടെ ബഹളങ്ങളും കേട്ടു. പുറത്തിറങ്ങി മരിച്ച സോമന്റെ വീടിരുന്ന സ്ഥലത്തേക്ക് നോക്കുമ്പോൾ അവിടെ ഒരു മൺകൂനമാത്രമാണ് കണ്ടത്. ഞെട്ടലോടെ സോമന്റെയും ഭാര്യ ഷിജിയുടെയുമൊക്കെ ഫോണിലേക്ക് മകൻ അശോകൻ മാറിമാറിവിളിച്ചിട്ടും ഫോണെടുത്തില്ല. തൊട്ടടുത്തുള്ള മുഹമ്മദിനെയും കൂട്ടി മരണപ്പെട്ട സോമന്റെ വീടിനടുത്ത് വന്ന് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു. തുടർന്ന് ആദ്യം ഫയർഫോഴ്‌സിലും പൊലീസിലും വിവരമറിയിച്ചതും അശോകനായിരുന്നു.