kattana

നെടുങ്കണ്ടം : പുഷ്പകണ്ടം അണക്കരമെട്ടിൽ കാട്ടാനക്കൂട്ടമിറങ്ങി 3 ഏക്കർ സ്ഥലത്തെ 1000 ഏലച്ചെടികൾ നശിപ്പിച്ചു. പുഷ്പകണ്ടം അണക്കരമെട്ട് തെറ്റാലിക്കൽ ജോമോൻ, മാത്യു തോമസ് തെറ്റാലിക്കൽ, ജയമോൻ തെറ്റാലിക്കൽ, അഭിന്ദ്രം ഏ.ആർ.ഷിജു, മൂഴിക്കാട്ട് ജോയി, അജി കുളത്തിങ്കൽ, ജോസുകുട്ടി പുതുപ്പള്ളിക്കുന്നേൽ എന്നിവരുടെ ഏലത്തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ഒറ്റ രാത്രി കൊണ്ട് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. വിളവെടുപ്പിന് പാകമായ ഏലച്ചെടികൾ കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ച നിലയിലാണ്. 100 വാഴ, കരിമ്പ്, തെങ്ങ് എന്നിവയും ആനക്കൂട്ടം നശിപ്പിച്ചു. മൂഴിക്കാട്ട് ജോയിയുടെ വീടിന്റെ പുകക്കുഴലും കാട്ടാന തകർത്തു. തമിഴ്‌നാട് വനമേഖലയിൽ എത്തുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്താകെ നാശം വിതക്കുന്നത്. കഴിഞ്ഞ ദിവസമായി കേരള തമിഴ്‌നാട് അതിർത്തി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, വി.കെ.സന്തോഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ 3 വർഷത്തിനിടെ 30 ഏക്കറോളം സ്ഥലത്താണ് കാട്ടാന നാശം വിതക്കുന്നത്. ഉടുമ്പൻചോല മുതൽ പുഷ്പകണ്ടം വരെയുള്ള ഭാഗങ്ങളിൽ സ്ഥിരമായി കാട്ടാന എത്തുന്നത് കർഷകരെയും ഭീതിയിലാഴ്ത്തി.