തൊടുപുഴ: ഇടുക്കിയിൽ ദുരന്ത ബാധിത മേഖലകളെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. നേരത്തേ തന്നെ നിശ്ചയിച്ച ദുരന്ത പ്രദേശങ്ങൾക്ക് പുറമേ പുതിയ ഇടങ്ങളിലാണ് ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്. സാധ്യത കൽപ്പിക്കപ്പെടാത്ത മേഖലയായിരുന്നു കുടയത്തൂർ മാളിയേക്കൽ കോളനി മല. അതിനാൽ ഇത്തരം മേഖലകളെ മുൻകൂട്ടി കണ്ടെത്താനും മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താനും സാധിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ വേണ്ടത്ര ശാസ്ത്രീയ പരിശോധനകളിലൂടെ ദുരന്തബാധിത മേഖലകളെ കണ്ടെത്താൻ കഴിയണം. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ആശ്വാസ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.