
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് തോട്ടിൽ നിന്ന് വെള്ളം കരകവിഞ്ഞ് കാരിക്കോട്- കുന്നം റോഡിലും തൊണ്ടിക്കുഴ- ഇടവെട്ടി റോഡിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഇടവെട്ടി വലിയ തോട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ മുതലാണ് വെള്ളം കയറാൻ ആരംഭിച്ചത്. ഞായർ രാത്രി 11 മണി മുതൽ ഇന്നലെ പുലർച്ചെ മൂന്ന് വരെ മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്, ഇതോടെയാണ് തോട്ടിൽ ജലനിരപ്പുയരാൻ തുടങ്ങിയത്. തൊണ്ടിക്കുഴയിൽ എം.വി.ഐ.പി അക്വഡേറ്റിന് അടിയിലുള്ള പാലത്തിൽ വെള്ളം കയറിതോടെയാണ് ഇടവെട്ടി പഞ്ചായത്തിലേക്ക് അടക്കമുള്ള ഏക റോഡാണ് അടഞ്ഞത്. അക്കരെ താമസിക്കുന്നവർ പിന്നീട് കുമ്പംകല്ല്, ഇടവെട്ടി ഭാഗത്തേക്ക് പോയാണ് തൊടുപുഴയ്ക്ക് സഞ്ചരിച്ചത്. തൊണ്ടിക്കുഴയിലെ പുതിയ റേഷൻ കടയ്ക്ക് സമീപം വെള്ളം കയറിയാണ് കാരിക്കോട്- കുന്നം റോഡിൽ ഗതാഗതം മുടങ്ങിയത്. ഇവിടെ സമീപത്തെ നിലം, തെങ്ങിൻത്തോപ്പ് എന്നിവിടങ്ങളിലും ചെറിയ തോതിൽ വീടുകളിലും വെള്ളം കയറി. സമീപത്തെ ട്രാൻസ്‌ഫോർമറിന് സമീപം വരെ വെള്ളമെത്തി. രണ്ട് വർഷത്തിനിടെ ഈ ഭാഗത്ത് വെള്ളം ഇത്തരത്തിൽ കയറുന്നത് ആദ്യമാണ്. ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ മരവെട്ടിച്ചുവട് പാലത്തിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. ഉച്ചയോടെയാണ് പിന്നീട് വെള്ളം പൂർണ്ണമായും ഇറങ്ങിയത്.