
തൊടുപുഴ: ഇരു കിഡ്‌നികളും തകരാറിലായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജിതിന് (25) വൃക്ക മാറ്റിവയ്ക്കലിന് സഹായം തേടുന്നു. മാതാവിന്റെ കിഡ്‌നി മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകളടക്കം നടക്കുകയാണെങ്കിലും ഓപറേഷനും തുടർ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഇത് കണ്ടെത്താൻ ജിതിന്റെ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. പിതാവ് സുരേഷ് വീടിനോട് ചേർന്ന് ഒരു ചായക്കട നടത്തുന്നുണ്ട്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം. മാതാവ് ലീല, സഹോദരി ജിനിമോൾ എന്നിവരാണ് കുടുംബാംഗങ്ങൾ. ഹോട്ടൽ മാനേജ്‌മെന്റ് വരെ പഠിച്ചയാളാണ് ജിതിൻ. 2018 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നുണ്ടായിരുന്നു. മൂന്നുമാസം മുമ്പ് നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് അറിയുന്നത്. തുടർന്ന് ശാരീര ബുദ്ധിമുട്ടുകളെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ തുടരുകയാണ്. ശാരീരിക അവശതകൾ രൂക്ഷമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഡയാലിസിസ് വേണ്ടി വരുന്നുണ്ട്. എത്രയും വേഗം കിഡ്നി മാറ്റിവയ്ക്കൽ നടത്തണമെന്നാണ് ഡോക്ടർമാരും അറിയിച്ചിരിക്കുന്നത്. നിലവിൽ നാട്ടുകാരുടെയടക്കം സഹായം കൊണ്ടാണ് ചികിത്സാ അനുബന്ധ പരിശോധനകൾ നടക്കുന്നത്. എട്ട് സെന്റ് സ്ഥലത്താണ് ജിതിനും കുടുംബവും താമസിക്കുന്നത്. കിഡ്‌നി മാറ്റിവയ്ക്കലിന് മാതാവ് തയ്യാറാണ്. ഈ സാഹചര്യത്തിൽ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകൾ വീടുകൾ കയറി ചികിത്സ സഹായ നിധിയിലേക്ക് സഹായം അഭ്യർത്ഥിക്കാനും വണ്ണപ്പുറം- തൊടുപുഴ- ചേലച്ചുവട് റൂട്ടിൽ ഓടുന്ന തൊടുപുഴയിലെ പത്തോളം സ്വകാര്യ ബസുകൾ ഇന്ന് ഒരു ദിവസത്തെ കളക്ഷൻ തുക ജിതിന്റെ സഹായ നിധിയിലേക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ സഹായവും സഹകരണവും കൊണ്ടേ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കാൻ കഴിയൂവെന്ന് ജീവനം ചികിത്സ സഹായ നിധി ചെയർമാൻ സിബി മാത്യു പറഞ്ഞു. ഈ ലക്ഷ്യത്തിനായി വെൺമണിയിലെ വ്യാപാരികളും സാമുദായിക രാഷ്ട്ീയ രംഗത്തെ പ്രമുഖരും യുവജനങ്ങളും ചേർന്ന് ചികിത്സാ ചിലവിന് തുക കണ്ടെത്തുന്നതിനായി രൂപീകരിച്ച 50 അംഗ കമ്മിറ്റിയുടെ പേരിൽ വണ്ണപ്പുറം ഫെഡറൽ ബാങ്കിൽ AC183501000830034 ഐ.എഫ്.സി കോഡ് FDRL 0001835 ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.