കട്ടപ്പന: അന്യാർതൊളു മേരിലാൻഡ് എസ്റ്റേറ്റിലുണ്ടായ സംഘർഷത്തിൽ സൂപ്പർവൈസർക്ക് പരിക്ക്. ഇന്നലെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സൂപ്പർവൈസർ റോയിയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർവൈസർ റോയി തമിഴ്നാട്ടിൽ നിന്ന് എസ്റ്റേറ്റിന്റെ വാഹനത്തിൽ ഏലയ്ക്ക എടുക്കാൻ തൊഴിലാളികളെ കൊണ്ടുവന്നതുമായി ബന്ധപെട്ടു എസ്റ്റേറ്റിലെ യൂണിയൻ തൊഴിലാളികളുമായുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്റ്റേറ്റിലെ യൂണിയൻ തൊഴിലാളികളും മാനേജ്‌മെന്റുമായി നേരത്തെ തർക്കം നില നിന്നിരുന്നു. നിലവിലുള്ള യൂണിയൻ തൊഴിലാളികൾക്ക് പുറമെ കൂടുതൽ തൊഴിലാളികളെ എസ്റ്റേറ്റിൽ പതിക്കാൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് മാനേജന്റ് അംഗീകരിച്ചില്ല. തുടർന്ന് യൂണിയൻ എസ്റ്റേറ്റിൽ പണിമുടക്ക് നടത്തി വരികയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ച് തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടു വന്ന് പണിയെടുപ്പിക്കാൻ അനുമതി വാങ്ങി. തുടർന്ന് യൂണിയൻ തൊഴിലാളികൾ തിമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ജീപ്പ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയപ്പിച്ചു. തുടർന്ന് എസ്റ്റേറ്റ് സൂപ്പർവൈസർ റോയി എസ്റ്റേറ്റ് വാഹനത്തിൽ ഇന്നലെ തൊഴിലാളികളെ കൊണ്ടുവന്നത് യൂണിയൻ തൊഴിലാളികൾ തടയുകയും തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ എസ്റ്റേറ് സൂപ്പർവൈസർ വണ്ടൻമേട് പൊലീസിൽ പരാതി നൽകി.