
പെരുവന്താനം : പെരുവന്താനത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനുള്ള എം.പിയുടെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി (സാഗി) പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു.
എം.പി.മാർ ഗ്രാമപഞ്ചായത്തുകൾ തെരഞ്ഞെടുക്കുകയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തി ദത്തെടുത്ത ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സാഗി.
പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എൻ. നൗഷാദ് വാതിൽപ്പടി സേവനത്തിന്റെയും, ജില്ലാ പഞ്ചായത്തംഗം കെ. ടി. ബിനു പഞ്ചായത്ത് ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പഞ്ചായത്തിലെ വ്യക്തികൾ, കൊവിഡ് പോരാളികൾ, വിവിധ മത്സരങ്ങളിൽ വിജയിച്ചവർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആർ. വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, പഞ്ചായത്ത് സെക്രട്ടറി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്‌സൺ ഝാൻസി വി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബൈജു ഇ. ആർ., വാർഡ് അംഗങ്ങളായ നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, സിജി ഏബ്രഹാം, എബിൻ വർക്കി, ഷീബ ബിനോയ്, പ്രഭാവതി ബാബു എന്നിവർ പ്രസംഗിച്ചു.