പീരുമേട്:കോടതിയെ ധിക്കരിച്ച സർവേയർക്ക് പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫിസിലേക്ക് സ്ഥലംമാറ്റം.
സർക്കാർ എതിർകക്ഷിയായ കേസിൽ കോടതി ആവശ്യപ്പെട്ടിട്ടും സർവേ സ്‌ക്ച്ച് സമർപ്പിക്കാതിരുന്ന താലൂക്ക് സർവേയർക്കാണ് സ്ഥാനചലനം. പീരുമേട് താലൂക്ക് സർവേയർ പി.എസ്. ആൽബർട്ടിനെ ആണ് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം സർവേ ഡപ്യൂട്ടി ഡയറക്ടർ സ്ഥലം മാറ്റിയത്. ഇടുക്കി എൻ എച്ച്. ഓഫിസിലേക്കാണ് സ്ഥലം മാറ്റം. പീരുമേട് മുൻസിഫ് കോടതി ആവശ്യപ്പെട്ടിട്ടും സർവേ സ്‌ക്ച്ച് സമർപ്പിക്കാത്ത സംഭവത്തിൽ ആൽബർട്ടിന് കോടതി നേരത്തെ ഷോ കോസ് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് സർവേ ഡപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അനാസ്ഥതയും കൃത്യവിലോപവും നടത്തിയതായി കണ്ടെത്തി. പീരുമേട് വില്ലേജിലെ റവന്യൂ ഭൂമി കൈയേറ്റം നടത്താൻ ഒത്താശ നൽകുകയും, ആവശ്യമായ സ്‌കെച്ച് തയ്യാറാക്കി കൊടുക്കുന്നതും ഇയാളാണെന്ന് ഗുരുതരമായ പരാതി ഉണ്ട്. അടുത്ത കാലത്ത് പരുന്തുംപാറയിൽ റവന്യൂ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറ്റം നടത്തിയപ്പോൾ അവർക്ക് വേണ്ട സഹായം നൽകിയത് ഈ ഉദ്യോഗസ്ഥനാണെന്നും ആക്ഷേപമുണ്ട്.