
കണ്ണൂർ: ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തോടെ, വിട പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസിലെ പ്രതിനിധി. 1943ൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തവരിൽ അവസാനത്തെ കണ്ണിയാണ് കുഞ്ഞനന്തൻ നായർ.
കണ്ണൂർ നാറാത്തെ ശ്രീദേവിപുരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കയറ്റിറക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച വീടാണ് . മുംബെയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുമ്പോൾ ബർലിന് 16 വയസ്. ചിറക്കൽ രാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ ബാലഭാരത സംഘത്തിന്റെ പേരിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി. പ്രായം കൂടിയ പ്രതിനിധി പഞ്ചാബിലെ ബാബാ സോഹൻസിംഗ് ബാക്ക്ന. മേയ് 23 മുതൽ ജൂൺ ഒന്നു വരെയായിരന്നു സമ്മേളനം. 130 പ്രതിനിധികൾ.കേരളത്തിൽ നിന്ന് പി.കൃഷ്ണപിള്ള, ഇ.എം.എസ്, പി. നാരായണൻ നായർ, സി. ഉണ്ണിരാജ, കെ.സി. ജോർജ്, പി.കെ. ബാലൻ എന്നിവരും മഹിളാ സംഘടനയെ പ്രതിനിധീകരിച്ച് മുൻമന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യയും കണ്ണൂർ സ്വദേശിയുമായ പി. യശോദയും.
തുറന്ന ചർച്ചയും സംവാദവും കൊണ്ട് സജീവമായിരുന്നു സമ്മേളനം. പി.സി. ജോഷിയും ബി.ടി. രണദിവെയും ഉൾപ്പടെയുള്ള നേതാക്കളായിരുന്നു പാർട്ടിയുടെ തലപ്പത്ത്. സമ്മേളനത്തിൽ ബർലിനാണ് ബാലഭാരതസംഘം പ്രമേയം അവതരിപ്പിച്ചത്. കൃഷ്ണപിള്ളയാണ് ബർലിനെ ഈ ചുമതല ഏൽപ്പിച്ചത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ബർലിന് സമ്മേളനത്തിൽ മികച്ച പരിഗണനയാണ് കിട്ടിയത്. കൊച്ചുകുട്ടിയെന്ന നിലയിൽ ബർലിനെ കേൾക്കാനും സംവദിക്കാനും അവർക്കെല്ലാം ഒറ്റ മനസ്സായിരുന്നു.
വിവാദങ്ങളുടെ വഴിയിൽ എന്നും
എന്നും വിവാദങ്ങളുടെ വഴിയിലായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ എന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ. താൻ നടക്കുമ്പോൾ തെളിയുന്നതാണ് തന്റെ വഴിയെന്നു ഉറച്ചു വിശ്വസിച്ചിരുന്ന ബർലിൻ അവസാന കാലത്ത് സി.പി. എമ്മിനോട് അടുപ്പം പുലർത്താൻ ശ്രമിച്ചെങ്കിലും അതുമുണ്ടായില്ല.
നായനാരുടെ സഹയാത്രികനായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച ബർലിൻ ഇ. എം. എസിനൊപ്പമാണ്കൂടുതൽ കാലം പ്രവർത്തിച്ചത്. കണ്ണൂർ നാറാത്തെ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനനമെങ്കിലും പുരോഗമന ആശയങ്ങളെ ചേർത്ത് പിടിച്ചു. അര നൂറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് ബന്ധം അവസാനിക്കുന്നത് 2005ൽ. ബൂർഷ്വാമാദ്ധ്യമങ്ങളെ ഉപയോഗിച്ച് സി.പി. എമ്മിനെ അപകീർത്തിപ്പെടുത്താനും തകർക്കാനും ആക്രമിച്ചുവെന്നു ആരോപിച്ചായിരുന്നു പുറത്താക്കൽ.
സി.പി. എമ്മിൽ വി. എസ് . അച്യുതാനന്ദനെ കേന്ദ്രീകരിച്ച് നടത്തിയ വിഭാഗീയതയുടെ പ്രത്യയശാസ്ത്ര പോരാട്ടത്തിന് പരസ്യമായി തുടക്കം കുറിച്ചത് കുഞ്ഞനന്തൻ നായരായിരുന്നു. 2002 ൽ ഡിസംബറിൽ കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ നടന്ന പ്രഭാഷണത്തിൽ സി.പി.എമ്മിലെ വലതുപക്ഷ വ്യതിയാനത്തെ കുറിച്ചും എം.പി. പരമേശ്വരന്റെ നാലാംലോക സിദ്ധാന്തത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, എം. എ. ബേബി, ഡോ. തോമസ് ഐസക് എന്നിവരെ രൂക്ഷമായി വിമർശിച്ചതും പിന്നീട് സി.പി.എമ്മിനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചതും വിവാദമായി. മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരാണ് സി.പി.എം നേതൃത്വത്തിലെന്ന അദ്ദേഹത്തിന്റെ പരാമർശവും വിവാദത്തിന് വഴിതെളിച്ചു.
പാർട്ടിയിൽ നിന്നു പുറത്താക്കിയ കുഞ്ഞനന്തൻ നായരെ കാണാൻ വി. എസ്. വീട്ടിൽ പോയതും,. ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളം മാത്രം കുടിച്ചു മടങ്ങുകയാണെന്ന് പറഞ്ഞതും വിവാദമായിരുന്നു. ബർലിന് മറുപടി പറയുന്നതിനായി സി.പി. എം നാറാത്ത് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു
ആർ.എം.പിയുടെ വേദികളിൽ സജീവമായിരുന്ന ബർലിൻ പിന്നീട് അതുമായി മാനസികമായി അകലുകയായിരുന്നു. 2009ൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരനെ ജയിപ്പിക്കാൻ താൻ വോട്ട് ചെയ്തെന്ന പരാമർശവും ബർലിൻ സി.പി. എം ശത്രുപക്ഷത്താക്കി. ബർലിനെപ്പോലുള്ളവർ വോട്ട് ചെയ്തതു കൊണ്ടാണ് താൻ ജയിച്ചതെന്ന സുധാകരന്റെ മറുപടിയും ശ്രദ്ധേയമായി.
മടക്കയാത്ര പിണറായിയെ നേരിൽ കാണണമെന്ന ആഗ്രഹം നടക്കാതെ
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മാപ്പ് പറയണമെന്ന അന്ത്യാഭിലാഷം ബാക്കി വച്ചാണ് ബർലിൻ കുഞ്ഞനന്തൻ നായരുടെ മടക്കയാത്ര.വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് ബർലിൻ പറഞ്ഞിരുന്നു. പിണറായി കണ്ണൂരിലെത്തുമ്പോൾ നിരവധി തവണ ബർലിൻ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു. വിമർശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയെന്നും അതിൽ തെറ്റു പറ്റിയെന്നും ബോദ്ധ്യമുണ്ട്. പിണറായിയെ കാണണമെന്നത്
അന്ത്യാഭിലാഷമാണ്.പിണറായിയെ കണ്ട് മാപ്പു പറയാൻ തയ്യാറാണെന്നും ബർലിൻ പറഞ്ഞിരുന്നു. വി.എസുമായുള്ള അടുപ്പമാണ് പിണറായി വിജയനിൽ നിന്ന് ബർലിനെ അകറ്റിയത്. പിണറായിക്കെതിരെയുള്ള ആരോപണങ്ങൾ ബർലിൻ പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.'ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവുമധികം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, ഇ.എം.എസിനേക്കാൾ മിടുക്കനായി തീർന്നു'-ബർലിൻ പറഞ്ഞു.
പൊളിച്ചെഴുത്ത് എന്ന് പേരിട്ട ആത്മകഥയിൽ സി.പി. എം വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും പിന്നീട് തിരുത്തിയിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിൽ വലിയകോളിളക്കമുണ്ടാക്കിയ പുസ്തകമായിരുന്നു പൊളിച്ചെഴുത്ത്. പിണറായിക്കെതിരായ വിമർശനങ്ങൾ തെറ്റായിരുന്നുവെന്ന് തോന്നിയത് കൊണ്ടാണ് തിരുത്തിയെഴുതിയത്.