photo
സുൽത്താൻ കനാൽ ഐ.ഡി.ആർ.ബി സംഘം സന്ദർശിച്ചപ്പോൾ

പഴയങ്ങാടി: കോഴിബസാർ സുൽത്താൻ കനാലിന്റെ തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി ) ചീഫ് എൻജിനീയർ ആർ. പ്രിയേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്ഥലം സന്ദർശിച്ചു. തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കുന്നതിന് എം.വിജിൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ പരിശോധനയ്ക്ക് ഐ.ഡി.ആർ.ബി ഡിസൈൻ വിഭാഗം സ്ഥലം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.

തുടർച്ചയായി പെയ്ത മഴയെ തുടർന്ന് മേയ് 5ന് സുൽത്താൻ കനാലിൽ ചൈനാക്ലേ തോടിന് അടുത്തായി പൈൽ ആൻഡ് സ്ലാബ് പാർശ്വഭിത്തി കനാലിലേക്ക് ഇടിഞ്ഞ് താഴ്ന്നതിനാൽ സമീപത്തുള്ള വീടുകളും, ബണ്ട് റോഡും ഇടിഞ്ഞ് വീണ് സംരക്ഷണ ഭിത്തി തകരുകയുണ്ടായത്. 20 കൊല്ലം മുമ്പ് നിർമ്മിച്ച പൈൽ ആൻഡ് സ്ലാബ് പലയിടങ്ങളിലും ഇളകിയിട്ടുണ്ട്.

ഡിസൈൻ ലഭ്യമാകുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിന് ശേഷം പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സി. എൻജിനീയർ ഷീല അലോകൻ അറിയിച്ചു. ഐ.ഡി.ആർ.ബി ജോയിന്റ് ഡയറക്ടർ എസ്.എസ് സുജ, ഡെപ്യൂട്ടി ഡയറക്ടർ എസ്. നിധി എസ്, എ. നവനീത്, സിന്ധു തൈവളപ്പിൽ, പുഷ്പലത, കെ. ശ്രീജ, പി.വി വേണുഗോപാലൻ, പി.വി ശിവൻ, ആർ.ലെനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.