തലശ്ശേരി: ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന തലശ്ശേരി നഗരത്തിന് ആശ്വാസമേകാൻ രംഗത്തിറങ്ങിയ അധികൃതർക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. അനധികൃത പാർക്കിംഗിന് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങിയപ്പോഴാണ് പ്രതിഷേധമുയർന്നത്. പഴയ ബസ് സ്റ്റാൻഡിലെ ആശുപത്രി റോഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് ക്രമരഹിതമായി റോഡിൽ പാർക്ക് ചെയ്ത കാറുകൾക്കും ഫുട്പാത്തിൽ നിർത്തിയിട്ട ബൈക്കുകൾക്കുമെതിരെയാണ് പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസം നഗരസഭയിൽ സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി. റൂട്ട് തെറ്റിച്ചോടിയ സ്വകാര്യ ബസിനും പിഴ ചുമത്തി. ഇതിനിടെയാണ് സ്ഥലത്തെത്തിയ ഏതാനും യുവാക്കൾ ഉദ്യോഗസ്ഥരുടെ നടപടികളെ ചോദ്യം ചെയ്തത്. വാഹന പാർക്കിംഗിന് പ്രത്യേക സ്ഥലം അനുവദിക്കാതെ, ഉപദ്രവിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വിഷയം വാക്കേറ്റത്തിനും ബഹളത്തിനും വഴിവച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.