
കണ്ണൂർ: പാനൂർ പാലക്കൂലിൽ പ്രവാസി വ്യവസായിയുടെ മകളുടെ ആഡംബര വിവാഹത്തിന് നാല് പൊലീസുകാരെ കാവലിന് നൽകിയ സംഭവത്തിൽ അഡിഷണൽ എസ്.പി പി. സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. സെക്ഷൻ ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പി. സദാനന്ദന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരിൽ ഉത്തരവ് നൽകിയതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിലുള്ളത്.
പ്രധാനപ്പെട്ട രേഖ അഡി.എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടറിലൂടെ ഒപ്പ് രേഖപ്പെടുത്തിയാണ് നൽകിയത്. ജൂലായ് 31ന് നടന്ന വിവാഹത്തിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരെ കാവലിന് നൽകിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കരുതെന്ന് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.
'പൊലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ട ഉത്തരവിനെ കുറിച്ച് പരിശോധിക്കുകയാണ്".
- ആർ. ഇളങ്കോ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ
'പൊലീസുകാരെ അന്തസിന് യോജിക്കാത്ത ജോലിക്ക് നിയോഗിച്ചത് എന്റെ അറിവോടെയല്ല. അപേക്ഷകനെ മുൻപരിചയമില്ല".
- പി.പി. സദാനന്ദൻ, അഡിഷണൽ എസ്.പി