കൊട്ടിയൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പന്നികളെ കൊന്നൊടുക്കലും മറവുചെയ്യലും ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20അംഗ ദ്രുതകർമ സേനയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. സീനിയർ വെറ്ററിനറി സർജൻമാരായ വി. പ്രശാന്ത്, ഡോ. പി. ഗിരീഷ് കുമാർ എന്നിവരോടൊപ്പം ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘം ഫാമിന്റെ പരിസരത്ത് തന്നെ താമസിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
മൂന്നുദിവസം സംഘം രോഗബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യും. ആദ്യഘട്ടമായി ഫാമും പരിസരവും ശുചീകരിച്ച് നശീകരണം നടത്തും. പന്നികളെ ഇലക്ട്രിക് സ്റ്റണ്ണിംഗ് വഴി ബോധരഹിതരാക്കിയാണ് ദയാവധം ചെയ്യുന്നത്. ഇതിനായി പരിശീലനം നേടിയ വയനാട് ജില്ലയിലെ സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഉന്മൂലനം ചെയ്യാൻ ചുമതലപ്പെടുത്തിയ തൊഴിലാളികളും മൂന്നുദിവസം രോഗബാധ പ്രദേശത്തു താമസിക്കും. മനുഷ്യർക്കോ മറ്റു മൃഗങ്ങൾക്കോ രോഗം പകരില്ലെങ്കിലും അണുബാധ തടയുന്നതിനായി പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് കർമ്മസേന പ്രവർത്തിക്കുന്നത്.
രോഗ ബാധ കണ്ടെത്തിയ ഫാമിലെ 95 പന്നികളെയാണ് ആദ്യം നശിപ്പിക്കുന്നത്. അണുനശീകരണം നടത്തുന്നതിന് അഗ്‌നിശമനസേനയുടെ സേവനവും ഉപയോഗിക്കും. രണ്ടാംഘട്ടത്തിൽ രോഗബാധിത പ്രദേശത്തുള്ള മറ്റൊരു ഫാമിലെ 176 പന്നികളെ കൂടി ദയാവധം നടത്തുന്നതോടെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
കണിച്ചാർ പഞ്ചായത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. അജിത് ബാബു എന്നിവർ പഞ്ചായത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഒ.എം. അജിത, ജില്ലാ കോഓർഡിനേറ്റർ ഡോ. കെ.ജെ. വർഗ്ഗീസ് എന്നിവർ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
10 കിലോമീറ്ററിനുള്ളിൽ
നിരീക്ഷണം
ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ പന്നികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ആവശ്യമെങ്കിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും. പ്രാദേശിക രോഗനിർണ്ണയ ലബോറട്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.വി ബാലഗോപാൽ സർവയലൻസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.