mvg

കണ്ണൂർ:ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ച സാഹചര്യത്തിൽ അപകട സാദ്ധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ മന്ത്രി എം വി ഗോവിന്ദൻ നിർദേശം നൽകി.ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്ത് ഏഴ് ഞായറാഴ്ച വരെ നിർത്തിവെക്കാനും യോഗം തീരുമാനിച്ചു.
ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്താൻ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി.സന്ദർശക പ്രവാഹം അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനത്തേയും ദുരന്തനിവാരണ പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകാൻ ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കള ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
കനത്ത മഴയിൽ ഒറ്റപ്പെടുന്ന ആദിവാസി കോളനികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടിക വർഗ വികസന വകുപ്പിനും റവന്യു വകുപ്പിനും നിർദേശം നൽകി. അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണ സജ്ജമാക്കി നിർത്തണം. കൺട്രോൾ റൂം സംവിധാനവും ഒരുക്കണം.നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാൻ പ്രത്യേക റവന്യു സംഘങ്ങളെ നിയോഗിക്കുവാനും മന്ത്രി നിർദ്ദേശം നൽകി.