നിർമ്മാണം ഈ മാസം അവസാനത്തോടെ
പിണറായി: സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. പുതിയ നിർമ്മിതിക്ക് വേണ്ടി പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയിട്ടുണ്ട്. രണ്ട് ബേസ്‌മെന്റ് നിലകൾ ഉൾപ്പെടെ ആറു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. മലപ്പുറത്തെ നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ രണ്ട് ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില എന്നിവ നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെ നിർമ്മാണമാണ് നടക്കുക.
അത്യാഹിത വിഭാഗം, ഒ.പി, ഇ.എൻ.ടി, ഗൈനക്കോളജി, ഓപറേഷൻ തീയേറ്റർ, ഐ.സിയുകൾ, എസ്.ടി.പി, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റർ എന്നിവ സജ്ജമാക്കും. മുഖ്യമന്ത്റി പിണറായി വിജയന്റെ പ്രത്യേക ഇടപെടലുകളാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയത്. 2020 ൽ അതിന്റെ പ്രഖ്യാപനവും നടന്നു.
സി.എച്ച്.സികളിൽ വമ്പൻ
കാർഡിയാക്, കാൻസർ, ടി.ബി എന്നീ വിഭാഗം രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും. നിലവിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ ആരോഗ്യ കേന്ദ്രമായ പിണറായി സി.എച്ച്.സിയിൽ അത്യാധുനിക സ്പെഷ്യാലറ്റി സൗകര്യങ്ങൾ ആരംഭിക്കുന്നത് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.
രൂപരേഖ ഇങ്ങനെ:
ഗ്രൗണ്ട് ഫ്ളോർ: വിവിധ ഒ.പി, ചെറിയ ശസ്തത്രക്രിയ, ലബോറട്ടറി, ഇ.സി.ജി, ഫാർമസി, റിസപ്ഷൻ
ഒന്നാംനില: സർജറി, ഗൈനക്കോളജി വിഭാഗം, ഐ.സി.യു
രണ്ടാംനില: ഒഫ്താൽമോളജി, ദന്തരോഗ ഒ.പി, ശസ്ത്രക്രിയ വാർഡുകൾ, മുറികൾ
മൂന്നാംനില: വാർഡുകൾ, ഭരണവിഭാഗം