തളിപ്പറമ്പ്: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി വൻ ലാഭവിഹിതം വാഗ്ദാനംചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പിൽ പ്രതികൾക്കെതിരെ കേസെടുത്തതോടെ കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്. തളിപ്പറമ്പിലെ റോക്കി ഭായിയെന്നു സ്വയം വിശേഷിപ്പിക്കുന്ന അള്ളാംകുളം സ്വദേശി മുഹമ്മദ് അബിനാസ്, കൂട്ടാളി മഴൂർ കുന്നുംപുറത്ത് പുതിയപുരയിൽ കെ.പി സുഹൈർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പുളിമ്പറമ്പ് സുമയ്യ മൻസിലിൽ എം. മദനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജൂലായ് 17ന് നാലുലക്ഷം രൂപ നിക്ഷേപിച്ചുവെങ്കിലും പണമോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് കേസ്. തളിപ്പറമ്പ് മാർക്കറ്റിലെ മത്സ്യവ്യാപാരിയാണ് മദനി. കഴിഞ്ഞ മാസം ജൂലായ് 27നാണ് ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ നിരവധി ഇടപാടുകാരെ വഞ്ചിച്ചുവെന്ന പരാതി ഉയർന്നത്. നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നുവെന്ന് ആരോപണമുയർന്നുവെങ്കിലും പൊലീസ് അന്വേഷണത്തിൽ 20 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം ലഭിച്ചത്. എന്നാൽ, പരാതികൾ നേരിട്ട് പൊലീസിൽ ലഭിച്ചിരുന്നില്ല.

എറണാകുളത്തേക്ക് മുങ്ങിയിരിക്കുന്ന അബിനാസ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നും കേസ് നൽകിയാൽ പണം തിരിച്ചുകിട്ടില്ലെന്നും മുന്നറിയിപ്പു നൽകി ഇൻസ്റ്റ ഗ്രാം വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പലരും പരാതി നൽകാൻ മടികാണിച്ചതെന്ന് പറയുന്നു. കൂടാതെ, വലിയ തുക നിക്ഷേപിച്ചവർ പരാതി നല്കായാൽ മറ്റുനടപടികളെയും ഭയക്കുന്നു.

എന്നാൽ, കേസെടുത്തതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 30ശതമാനം ലാഭവിഹിതം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്താണ് നഗരത്തിൽ 22 വയസുകാരൻ സ്ഥാപനം ആരംഭിച്ചത്. ആദ്യം ചിലർക്ക് ലാഭവിഹിതം കിട്ടിയതോടെ കൂടുതൽ പേർ നിക്ഷേപവുമായി എത്തുകയായിരുന്നു. കെ.പി സുഹൈർ മുഖേനയാണ് തളിപ്പറമ്പിന്റെ പുറത്തു നിന്നും പണം സമാഹരിച്ചത്. അബിനാസ് മുങ്ങിയതിനെ തുടർന്ന് സുഹൈറിനെ നിക്ഷേപകരിൽ ചിലർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. ഈ കേസിൽ അഞ്ചുപേർ റിമാൻഡിലാണ്.

abhinas