കാഞ്ഞങ്ങാട്: പുല്ലൂർ കേളോത്ത് നമ്പ്യാരടുക്കം സുശീല ഗോപാലൻ നഗറിൽ നീലകണ്ഠന് (36) വെട്ടേറ്റത് ഉറക്കത്തിലായിരിക്കണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന നീലകണ്ഠന്റെ സഹോദരീ ഭർത്താവ് ഗണേശനെ തേടി ബംഗളൂരുവിലേക്ക് പോയ അമ്പലത്തറ എസ്.ഐ മുകുന്ദനും പാർട്ടിയും തിരിച്ചെത്തി. ബംഗളൂരുവിലും ഇയാളുടെ ബന്ധുക്കൾ താമസിക്കുന്ന മറ്റിടങ്ങളിലുമൊക്കെ പൊലീസെത്തിയെങ്കിലും അവിടെയെന്നും ഗണേശൻ എത്തിയിട്ടില്ലെന്നാണ് ലഭിച്ച മറുപടി.
തിങ്കളാഴ്ച രാത്രിയിൽ നടന്ന കൊലപാതകത്തിനുശേഷം ചൊവ്വാഴ്ച പുലർച്ചയോടെ തന്നെ ഗണേശൻ സ്ഥലം വിട്ടിരുന്നു. കൊലയ്ക്ക് കാരണം എന്താണെന്ന് പ്രതിയെ കിട്ടിയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂവെന്ന് ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ പറഞ്ഞു. അതിനിടെ 200 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടിൽ സംസാരമുണ്ട്. വീടിന്റെ പെയിന്റിംഗ് ജോലി ചെയ്ത നീലകണ്ഠന്റെ മരുമകന് 200 രൂപ കുറച്ചാണത്രേ ഗണേശൻ കൂലി നൽകിയത്. ഇതേചൊല്ലി ഇരുവരും വാക്കേറ്റം നടന്നിരുന്നതായും പറയുന്നു. നീലകണ്ഠനും ഗണേശനും മദ്യപാന ശീലവുമുണ്ട്. മദ്യപിച്ച് ഉറങ്ങിക്കിടക്കുമ്പോഴായിരിക്കണം ഗണേശൻ കത്തികൊണ്ട് വെട്ടിയതെന്നാണ് നിഗമനം. പ്രതിയെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.