ഭീമനടി (കാസർകോട് ): ബളാൽ പഞ്ചായത്തിലെ മാലോം ചുള്ളിയിൽ ഉരുൾ പൊട്ടിയതിന് പിന്നാലെയുണ്ടായ കുത്തൊഴുക്കിൽപെട്ട് കാണാതായ റിട്ടയേർഡ് അദ്ധ്യാപികയ്ക്കായി ഊർജ്ജിത തിരച്ചിൽ.വെള്ളരിക്കുണ്ട് താലൂക്കിലെ കൂരാങ്കുണ്ടിൽ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യ ലതയെയാണ് ഇന്നലെ രാവിലെ തോട്ടിൽ വീണ് കാണാതായത്.
വനമേഖലയിൽ നിന്നുണ്ടായ മലവെള്ള പാച്ചലിൽ വ്യാപകനാശമാണ് ഉണ്ടായത്. ചുള്ളി സി.വി. കോളനി റോഡ് പൂർണ്ണ മായും തകർന്ന് പ്രദേശം ഒറ്റപ്പെട്ടു. ഇവിടെ പതിനെട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വെള്ളരിക്കുണ്ട് തഹസിൽദാർ പി. വി. മുരളി വെള്ളരിക്കുണ്ട് പോലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുവരുന്നു. ചുള്ളി പോപ്പുലർ ഫോറസ്റ്റിൽ ഉരുൾ പൊട്ടി മലവെള്ളം റോഡിലേക്ക് കുത്തിയൊഴുകി ..മലയോര ഹൈവേയിൽ ചുള്ളിയിൽ ഗതാഗതം മുടങ്ങി. ജനവാസ മേഖലയിലേക്ക് വെള്ളവും മണ്ണും കല്ലും കുത്തിയൊലിച്ചു. റോഡുകൾക്കും രണ്ട് വീടുകൾക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്. മരുതോം-മാലോം ബൈപ്പാസിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.
പതിനേഴ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
ബളാൽ പഞ്ചായത്തിലെ മാലോം ചുള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്ന സി. വി. കോളനി റോഡ്.
വെള്ളരിക്കുണ്ട് താലൂക്കിൽ മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശത്തെ 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബളാൽ വില്ലേജിലെ ചുള്ളി മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നതായി വെള്ളരിക്കുണ്ട് തഹ്സിൽദാർ പി.വി മുരളി പറഞ്ഞു. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരികയായിരുന്നു. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുള്ളി ഗവൺമെന്റ് എൽ പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. സബ്ബ് കളക്ടർ ഡി.ആർ. മേഘശ്രീ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ പഞ്ചായത്ത് മെമ്പർമാർ നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗതാഗതം നിരോധിച്ചു
കോളിച്ചാല്‍ - ചെറുപുഴ മലയോര ഹൈവേയിൽ ചുള്ളിത്തട്ടിനും ചുള്ളിയ്ക്കും ഇടയ്ക്കുള്ള ഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചുള്ളിത്തട്ട്-പുല്ലടി-മാലോം വഴിയാണ് പോകേണ്ടത്.