പേരാവൂർ: ഉരുൾ വെള്ളറ കോളനിക്ക് സമീപത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച മണാളി ചന്ദ്രനും ,രാജേഷിനും രണ്ടര വയസുകാരി നുമ തസ്ലിനും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.രാജേഷിന്റെയും നുമ തസ്ലിന്റെയും മൃതദേഹം ചൊവ്വാഴ്ച രാത്രിയിൽ സംസ്കരിച്ചിരുന്നു. മണാളി ചന്ദ്രന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് സംസ്‌കരിച്ചത്.
മേനച്ചോടിയിലെ ഭാര്യവീട്ടിലെത്തിച്ച മണാളി ചന്ദ്രന്റെ മൃതദേഹത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് .പുളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടരവയസുകാരി ഉൾപ്പെടെ മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്.നടപടിക്രമങ്ങൾ പൂർത്തിയാക്കി നുമയുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട കുമണ്ണൂരിലേക്ക് കൊണ്ടുപോയിരുന്നു. രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്‌കരിച്ചു.തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെയാണ് ചന്ദ്രന്റെ മൃതദേഹം ഭാര്യ വീടായ മേനച്ചോടിയിലേക്ക് കൊണ്ടുവന്നത്.ഉരുൾപൊട്ടലിൽ ചന്ദ്രന്റെ വീടുൾപ്പെടെ പൂർണ്ണമായും തകർന്നതിനാലാണ് ചടങ്ങുകൾ ഭാര്യവീട്ടിലേക്ക് മാറ്റിയത്.
ചന്ദ്രന് അന്തിമോപചാരം അർപ്പിക്കാനുമായി എം.എൽ.എമാരായ അഡ്വ.സണ്ണി ജോസഫ്,കെ.കെ.ശൈലജ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.എം.റിജി, വൈസ് പ്രസിഡന്റ് ഇ.കെ.സുധീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മേനച്ചോടിയിലെ വീട്ടിലെത്തിയത്.