vote

മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 182 സ്ഥാനാർഥികളും 225 പത്രികകളുമാണ് പരിശോധന പൂർത്തിയായപ്പോൾ ഉള്ളത്. അഞ്ചുവരെ പത്രിക പിൻവലിക്കാം. ഒന്നു മുതൽ 18 വാർഡുകളിലെ പത്രികകൾ നഗരസഭാ കൗൺസിൽ ഹാളിലും 19 മുതൽ 35 വരെ വാർഡുകളിലെ പത്രികകൾ സി.ഡി.എസ്. ഹാളിലുമാണ് പരിശോധിച്ചത്.

വരണാധികാരികളായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക്, ഫോറസ്റ്റ് അസി.കൺസർവേറ്റർ ജി.പ്രദീപ്, ഉപവരണാധികാരികളായ പി,വി.നിഷ, കെ.ടി.പ്രണാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് നിരീക്ഷക ആർ.കീർത്തിയും നേതൃത്വം നൽകി.

പരിശോധനയ്ക്കിടെ തർക്കം നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ എൽ.ഡി.എഫ്.-യു.ഡി.എഫ്. നേതാക്കൾ തമ്മിൽ തർക്കമുണ്ടായി. മണ്ണൂർ വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.രാഘവൻ ബി.എൽ.ഒ. തസ്തികയിൽ തുടരുന്നതായുള്ള ആരോപണത്തെ തുടർന്നാണ് തർക്കമുണ്ടായത്. ഒടുവിൽ ബി.എൽ.ഒ. സ്ഥാനത്ത് നിന്ന് രാജി വെച്ചതായുള്ള രേഖ വില്ലേജ് ഓഫീസർക്ക് നൽകിയതിന്റെ പകർപ്പ് ഹാജരാക്കി. എന്നാൽ കളക്ടർക്കാണ് രാജി നൽകേണ്ടതെന്ന് എൽ.ഡി.എഫ്. നേതാക്കൾ ചൂണ്ടിക്കാട്ടി.

വാക്കേറ്റത്തെ തുടർന്ന് പരിശോധന അരമണിക്കൂറോളം നിർത്തിവെച്ചു. ഒടുവിൽ ഈ കാര്യങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് പത്രിക സ്വീകരിക്കാൻ വരണാധികാരി പി.കാർത്തിക് തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ എൽ.ഡി.എഫ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പുരുഷോത്തമൻ അറിയിച്ചു.