നീലേശ്വരം: പാലാത്തടം കണ്ണൂർ സർവകലാശാല ക്യാമ്പസിനു സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ദുരന്ത നിവാരണസേന ക്യാമ്പിനുള്ള (റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റസ്‌ക്യൂ ഫോഴ്സ്) അനുമതി വൈകുന്നു. സംസ്ഥാനത്ത് അതീവ തീവ്ര മഴ രേഖപ്പെടുത്തുമ്പോഴാണ് ഇക്കാര്യം വീണ്ടും ചർച്ചയാകുന്നത്.

കാസർകോട് ജില്ലയിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കീഴിലാണ് പാലാത്തടത്ത് ഇത് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. മലപ്പുറം പാണ്ടിക്കാട്ടാണ് ഇതിന്റെ ആസ്ഥാനം. നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ ആരംഭിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയിൽ നീലേശ്വരത്ത് സ്ഥാപിക്കാനുള്ള ധാരണയിലെത്തിയത്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമന്റെ ശ്രമഫലമായി പാലത്തടത്ത് ഏഴേക്കറിലധികം സ്ഥലവും ഇതിനായി കണ്ടെത്തി. തുടർന്ന് ഇതിനായുള്ള നിർദ്ദേശവും സർക്കാർക്കാരിനു മുന്നിൽ സമർപ്പിച്ചു.

ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം വൈകുന്നതാണ് അനുമതി വൈകുന്നതിനുള്ള കാരണമായി പറയുന്നത്. തുടർനടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഭൂമി പതിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അതും മുടങ്ങി. നിലവിലെ എം.എൽ.എ എം. രാജഗോപാൽ ഇക്കാര്യത്തിൽ വേണ്ട താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പാലാത്തടം ഏറ്റവും അനുയോജ്യം

ദേശീയപാതയുടെ ആറു കിലോമീറ്റർ ചുറ്റളവിലായിരിക്കണം ക്യാമ്പ് എന്ന വ്യവസ്ഥയുണ്ട്. കൂടാതെ കടൽമാർഗം വേഗത്തിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലമാണ് ഇതിനായി വേണ്ടത്. മടക്കര തുറമുഖം, അഴിത്തല തൈക്കടപ്പുറം ബോട്ട് ജെട്ടി എന്നിവ വളരെ അടുത്തായതുകൊണ്ടു തന്നെയാണ് നീലേശ്വരത്തിന് ഇക്കാര്യത്തിൽ പരിഗണന ലഭിച്ചത്. കടൽമാർഗം വന്ന് ബോട്ടുവഴി കാര്യങ്കോട് പുഴയിലൂടെ നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സൗകര്യവുമുണ്ട്. തുറമുഖങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ എളുപ്പത്തിൽ എത്തിച്ചേരാനും നാവിക അക്കാഡമിയുടെ സഹായം വേഗത്തിൽ ലഭ്യമാക്കാനും കഴിയുമെന്ന നേട്ടംകൂടി നീലേശ്വരത്തിനുണ്ട്. അതോടൊപ്പം ക്യാമ്പിന് പ്രധാനമായും ആവശ്യമായ റെയിൽവേ, ആശുപത്രി സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.