കണ്ണൂർ: സഹകരണസ്ഥാപനത്തിലെ ജീവനക്കാരിയുടെ പീഡന പരാതിയിൽ കേസെടുത്തതിന് പിറകെ ഒളിവിൽ പോയ 36ാം വാർഡ് കിഴുന്നയിലെ യു.ഡി.എഫ് കൗൺസിലർ പി.വി.കൃഷ്ണകുമാറിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഇന്നലെ ചേർന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിലറെ മേയർ ഒളിപ്പിച്ചോയെന്ന സംശയത്തിലാണ് ആളുകളെന്ന കുറുവ ഡിവിഷനിലെ എൽ.ഡി.എഫ് കൗൺസിലർ കെ.എൻ.മിനിയുടെ മുന വച്ച ചോദ്യം കുറിക്ക് കൊണ്ടതോടെയാണ് ഭരണപക്ഷം ശബ്ദമുയർത്തിയത്.

കൗൺസിൽ യോഗം അവസാനഘട്ടത്തിലേക്ക് കടന്ന ഘട്ടത്തിലായിരുന്നു ഈ വിഷയം ഉയർത്തിയത്. കൃഷ്ണകുമാറിനെതിരെ എന്ത് നടപടിയാണ് കോർപ്പറേഷൻ സ്വീകരിച്ചതെന്ന ചോദ്യത്തിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് നിങ്ങൾ തന്നെ സമ്മതിച്ചല്ലോയെന്നായിരുന്നു മേയറുടെ പരിഹാസം. മറുപടിയിൽ ഭരണപക്ഷ കൗൺസിലർമാർ കൈയ്യടിച്ച് മേയർക്ക് പിന്തുണ നൽകി.കൗൺസിലർക്കെതിരെ ആരോപണമുന്നയിക്കുന്നവർ മുഖ്യമന്ത്രി ആരോപണത്തിന്റെ നിഴലിലാണ് നിൽക്കുന്നതെന്ന കാര്യം മറക്കരുതെന്നായിരുന്നു യു.ഡി.എഫ് കൗൺസിലർ അഡ്വ.പി.ഇന്ദിരയുടെ ഉപദേശം.

അനാഥമായി കിടക്കുന്ന കണ്ണൂർ കോർപ്പറേഷൻ പഴയ ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പുതുക്കി പണിയാൻ കോർപ്പറേഷന് എന്ത് പ്രയാസമാണുള്ളതെന്നായിരുന്നു എൽ.ഡി.എഫ് കൗൺസിലർ ടി.രവീന്ദ്രന്റെ സംശയം. പഴയ ബസ് സ്റ്റാൻഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് താൽക്കാലിക ഓട്ടോ സ്റ്റാൻഡ് പണിയാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ പണിയെടുക്കുന്നവർക്ക് കൂലിയില്ലാത്ത സ്ഥിതിയാണെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.ഡിവിഷനുകൾക്ക് നൽകുന്ന ഫണ്ടുമായി നടന്ന ചർച്ചയിൽ മറുപടി നൽകിയതിനു ശേഷവും പ്രതിപക്ഷ അംഗങ്ങൾ ചർച്ച തുടർന്നത് ഭരണപക്ഷം ചോദ്യം ചെയ്തു. സുരേഷ് ബാബു എളയാവൂർ,സയ്യിദ് സിയാദ് തങ്ങൾ,പനയൻ ഉഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കുടി വെള്ള ദുരുപയോഗത്തിൽ കടുപ്പിച്ച് മേയർ

കുടിവെള്ളം ആർക്കും നിഷേധിക്കുന്നില്ല.എന്നാൽ പശുവിനെ കുളിപ്പിക്കാനും മറ്റും കോ‌ർപ്പറേഷന്റെ പൊതുടാപ്പ് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.ഒരു വർഷം ഒരു കോടിയോളം രൂപയാണ് കോർപ്പറേഷൻ വാട്ടർ അതേറിറ്റിയിൽ നൽകുന്നത്. അതാത് വാർഡിൽ ഉപയോഗ ശൂന്യമായ പൈപ്പുകൾ ഏതൊക്കെയെന്ന് കണ്ടെത്തണം. ഉപയോഗിക്കുന്ന പൈപ്പുകൾ ഏതെന്ന് കൗൺസിലർമാർ കൃത്യമായി എഴുതി തരണമെന്നും അല്ലാത്തവ റദ്ദ് ചെയ്യുമെന്നും മേയർ മുന്നറിയിപ്പ്

ഫണ്ട് അനുവദിക്കുന്നത് വാർഡ് അടിസ്ഥാനത്തിലല്ല.പദ്ധതികളിൽ ചില വാർഡുകളിലെ അവസ്ഥ നോക്കിയാണ്.പി.ഡബ്ല്യു .സി കമ്മറ്റി ചെയർമാൻ ഉൾപ്പെടെ ഇത്തവണ റോഡുകൾ നേരിട്ട് പോയി നോക്കിയാണ് ഫണ്ട് അനുവദിച്ചത്.അല്ലാതെ വാ‌ർഡ് ആരുടെയെന്ന് നോക്കിയല്ല.ചില വാർഡുകൾക്ക് ഒരു കോടിയും ഒന്നര കോടിയും വേണ്ടി വരും.അത് കൊടുത്തിട്ടുമുണ്ട്.

പി.കെ.രാഗേഷ് ,വികസന ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

പി.കെ,രാഗേഷിന്റെ വാദം വസ്തുതയല്ല.ചേലോറയിൽ എട്ട് ഡിവിഷനുകളിൽ എട്ട് ഡിവിഷനുകളിൽ യു.ഡി.എഫിന് നൽകിയിട്ടുള്ള പകുതി ഫണ്ട് പോലും എൽ.‌ഡി.എഫിന് നൽകിയിട്ടില്ല-

കെ.പ്രദീപൻ ചേലോറ ,എൽ.ഡി.എഫ് കൗൺസിലർ