
കേളകം: കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളുടെ ദയാവധവും ശാസ്ത്രീയമായ മറവു ചെയ്യലും പൂർത്തിയായി.ഫാം ഉടമ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന പ്രതിരോധനടപടി തലശ്ശേരി സബ് കളക്ടർ അനു കുമാരി , ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.ജെ.ലേഖ, കേളകം സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ സാന്നിദ്ധ്യത്തിൽ കർഷകനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പൂർത്തിയാക്കിയത്.
ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉറപ്പു നൽകിയതിനെത്തുടർന്നാണ് ഫാം ഉടമ നടപടികളോട് സഹകരിച്ചത്. പിന്നാലെ മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപതംഗ ദ്രുതകർമ്മസേന പന്നികളുടെ ദയാവധം പൂർത്തിയാക്കി. ഫാമിൽ ആകെ 154 പന്നികളെ ഭാര നിർണയം നടത്തി ദയാവധം ചെയ്തു. കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മാർഗരേഖ പ്രകാരം ഇലക്ട്രിക് സ്റ്റണ്ണിംഗ് ആൻഡ് സ്റ്റിക്കിംഗ് രീതിയിലായിരുന്നു ദയാവധം നടപ്പിലാക്കിയത്.തുടർന്ന് പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്തു. പ്രദേശം അണുമുക്തമാക്കുകയും ചെയ്തു. ഫാമിലെ ജൈവ അവശിഷ്ടങ്ങളും സേനയുടെ സുരക്ഷാ കവചങ്ങളും ശാസ്ത്രീയമായി നശിപ്പിച്ചു.കഴിഞ്ഞദിവസം കണിച്ചാർ പഞ്ചായത്തിലെ മറ്റൊരു ഫാമിൽ ദയാവധം നടത്തിയ ഫാമും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ അജിത് ബാബു, ടീം ലീഡർ ഡോക്ടർ വി. പ്രശാന്ത്,കോർഡിനേറ്റർ ഡോ. പി.ഗിരീഷ് കുമാർ, കൊമ്മേരി എ.പി.ഒ ഡോ.ശക്തിവേൽ, കൊളക്കാട് വെറ്ററിനറി സർജൻ ഡോ.ജോൺസൺ. പി.ജോൺ എന്നിവർ ദ്രുതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സംഘം ബേസ് ക്യാമ്പിൽ ഇന്നും തുടരും
ഇരുപത്തിനാലു മണിക്കൂർ കൂടി ഈ ദ്രുതകർമ്മ സേനയിലെ അംഗങ്ങൾ പഞ്ചായത്തിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ തുടരും . നാളെ രണ്ടാമത്തെ ഫാമിലെ അണു നശീകരണം കൂടി പൂർത്തിയാക്കി ക്വാറന്റൈനിലുള്ള കർമ്മ സേന മടങ്ങുന്നതോടെ രോഗബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ പൂർത്തിയാകും..
മൂന്നുമാസക്കാലം ഈ മേഖലയിലെ മറ്റു ഫാമുകളിലെ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരും -ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ഡോ. എസ് ജെ ലേഖ