തൃക്കരിപ്പൂർ: കാലവർഷം വീണ്ടും സജീവമായതോടെ പലയിടത്തും റോഡ് തകർന്ന് കുണ്ടും കുഴിയുമായി. എടാട്ടുമ്മൽ - കുണിയൻ റോഡ് ഏറെ ശോചനീയാവസ്ഥയിലായി. തൃക്കരിപ്പൂർ - കാലിക്കടവ് പ്രധാന റോഡിൽ നിന്നും എടാട്ടുമ്മൽ വഴി കുണിയൻ പാലം കടന്ന് കരിവെള്ളൂർ ദേശീയപാതയിൽ എത്തിച്ചേരുന്ന എളുപ്പ പാതയാണിത്.

കുണിയൻ വരെ ഓരോ നൂറു സ്ഥലത്തും തകർന്ന് കുഴി രൂപപ്പെട്ടു കിടക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പണിത ഈ റോഡ് മൂന്നു മീറ്റർ വീതിയിലാണ് പലയിടത്തുമുള്ളത്. ഇതിൽ അരികു തകർന്നും വെള്ളക്കെട്ട് രൂപപ്പെട്ട റോഡരികുകൾ പൊന്തക്കാടുകൾ നിറഞ്ഞ സ്ഥിതിയുമായതിനാൽ കാൽനട യാത്രക്കാർക്കും ദുരിതമാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണം നടത്താനുള്ള നടപടികൾ നടക്കുന്നതിനിടയിൽ റോഡിന് വേണ്ടത്ര വീതിയില്ല എന്ന കാരണത്താൽ ഫണ്ട് ലഭിച്ചില്ല. ഇതോടെ റോഡിന്റെ അധോഗതിയും തുടങ്ങി. നിലവിൽ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കൈയൊഴിഞ്ഞ നിലയിലായതോടെ കണ്ണൂർ - കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വാഹനങ്ങൾ ഉപേക്ഷിക്കുന്ന സ്ഥിതിയിലായി. അവിടവിടെ തകർന്ന് കുഴി രൂപപ്പെട്ടതിനാൽ ഓട്ടോറിക്ഷകൾ ഓടാൻ മടിക്കുന്നത് സാധാരണക്കാരായ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്. കഴിയുന്നത്ര വേഗത്തിൽ റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.