തലശ്ശേരി: കടുത്ത ഇന്ധന ക്ഷാമത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ തലശ്ശേരി കോണോർവയൽ ഡിപ്പോയിൽ 41 ബസുകൾ സർവ്വീസ് മുടങ്ങി. ബുധനാഴ്ച പ്രധാന റൂട്ടുകളിലേക്ക് പരിമിതമായി സർവ്വീസ് നടത്താനായെങ്കിലും ഇന്നലെ കാര്യം കൂടുതൽ പരുങ്ങലിലായി. യാത്രാക്ലേശം കഠിനമായ മലയോര മേഖലകളിലടക്കം 45 ബസുകൾ ഓടിച്ചിരുന്ന തലശ്ശേരി ഡിപ്പോയിൽ നിന്നും ഇന്നലെ 4 ബസുകളേ ഓടിക്കാനായുള്ളൂ. 41 എണ്ണവും നിർത്തിയിട്ടിരിക്കുകയാണ്.
മുടങ്ങിയ സർവ്വീസുകൾ എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് ഡിപ്പോയിലുള്ളവർക്ക് പറയാനാവുന്നില്ല. എപ്പോൾ ജോലിക്ക് കയറണമെന്നറിയാതെ ജീവനക്കാരും അനിശ്ചിതത്വത്തിലാണുള്ളത്.
പ്രതിസന്ധി സംബന്ധിച്ച് പ്രതികരിക്കാൻ ആരും തയ്യാറല്ല. മുന്നറിയിപ്പില്ലാതെ ട്രിപ്പുകൾ മുടങ്ങിയതറിയാതെ പതിവുപോലെ വഴിയിൽ കാത്തുനിന്ന യാത്രക്കാർ ഏറെ വലഞ്ഞു. ഇതിനിടെ അന്തർസംസ്ഥാന ബസുകൾ മുടങ്ങാതിരിക്കാൻ പമ്പിൽ അവശേഷിക്കുന്ന ഇന്ധനം ഇവർക്ക് പരിമിതമായി നൽകുന്നുണ്ട്.
മലബാർ മേഖലയിലെ കെ.എസ്.ആർ.ടി.സി പമ്പുകളിൽ ഇന്ധനം വിതരണം ചെയ്യുന്ന ഫറോക്കിലെ ഐ.ഒ.സി.ഗോഡൗണിലെ തൊഴിലാളികളുടെ ചട്ടപ്പടി സമരത്തെ തുടർന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേറ്റ് ബസ് ഡിപ്പോകളിലുള്ള പമ്പുകളിൽ ഡീസൽ വിതരണം തടസ്സപ്പെട്ടത്.