
പയ്യന്നൂർ : പയ്യന്നൂരിലെ ആർ.എസ്.എസ്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .
.കരിവെള്ളൂർ പെരളത്തെ കെ.പി.ദീപകിനെയാണ് (24) പയ്യന്നൂർ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വെള്ളൂർ കാറമേലിലെ പി. കശ്യപ് (23),കൊഴുമ്മൽ പ്രാന്തംചാലിലെ ടി.സി.ഗനിൽ (25) എന്നിവരെയാണ് കഴിഞ്ഞ മാസം 22ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12ന് പുലർച്ചെയാണ് മുകുന്ദ ആശുപത്രിക്കു സമീപത്തെ രാഷ്ട്ര മന്ദിറിനു നേരെ അക്രമമുണ്ടായത്.
സ്ഫോടനത്തിൽ പുറത്തെ വരാന്തയിലെ ജനൽചില്ലുകളും കസേരകളും തകരുകയും ഇരുമ്പ് ഗ്രില്ലിന്റെ കമ്പികൾ വളയുകയും ചെയ്തു.സംഭവം നടക്കുമ്പോൾ ഓഫിസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റ് രണ്ട് പ്രവർത്തകരും കാര്യാലയത്തിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്ത് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടതായി ഇവർ പറഞ്ഞു.രണ്ടു ബൈക്കുകളിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഓഫിസ് സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.