pathaka

കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയിൽ കുടുംബശ്രീ നിർമ്മിക്കുന്നത് 1,49,633 ദേശീയ പതാകകൾ. ആഗസ്ത് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും.
പതാകകൾ തയ്യാറാക്കുന്നത് 152 യൂണിറ്റുകളാണ്. പള്ളിക്കര പഞ്ചായത്തിലെ ബ്ലോസം യൂണിറ്റിന് 6000 പതാകകൾ നിർമ്മിക്കാനുള്ള ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഒരാൾ അളവ് കൃത്യമാക്കി മുറിച്ചെടുക്കാനും അഞ്ച് പേർ പതാക തുന്നിയെടുക്കാനുമുള്ള ശ്രമത്തിലുമാണിവിടെ. ഒരു ദിവസം 600 പതാകകൾ ഇവിടെ ഒരുങ്ങുമെന്നും പതാക തുന്നിയൊരുക്കാൻ ലഭിച്ച അവസരം തങ്ങൾക്ക് വലിയ ആവേശമാണ് സമ്മാനിച്ചതെന്നും പള്ളിക്കര ബ്ലോസം യൂണിറ്റ് സെക്രട്ടറി എസ്.വി സെമീറ പറഞ്ഞു.

ദേശീയ പതാകയ്ക്ക് ആദരവു നൽകുന്നതിനോടൊപ്പം പൗരൻമാർക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നൽകുന്നതിനും ലക്ഷ്യമിട്ടാണു 'ഹർ ഘർ തിരംഗ' രാജ്യവ്യാപകമായി ആചരിക്കുന്നത്.

ഫ്ളാഗ് കോഡ് പ്രകാരം

ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് ദേശീയ പതാകകൾ ജില്ലയിലൊരുക്കുന്നത്. മുപ്പത് രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂൾ അധികൃതരും സ്‌കൂൾ വിദ്യാർത്ഥികൾ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ചാണ് പതാകകൾ നിർമ്മിക്കുന്നത്.

ആവശ്യക്കാർ ഉണ്ടാകുന്നതിനനുസരിച്ച് കൂടുതൽ പതാകകൾ നിർമ്മിച്ചു നൽകും- കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ